രാഷ്ട്രീയ തൊട്ടുകൂടായ്മയ്ക്ക് സ്ഥാനമില്ല

WD
സാമൂഹിക വ്യവസ്ഥിതിയില്‍ എന്ന പോലെ രാഷ്ട്രീയത്തിലും തൊട്ടുകൂടായ്മയ്ക്ക് സ്ഥാനമില്ല എന്ന് ബിജെപി നേതാവ് എല്‍ കെ അദ്വാനി. വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി നേതാവ് ദീനദയാല്‍ ഉപാധ്യായയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

“നമുക്ക് സാമൂഹത്തിലെ തൊട്ടുകൂടായ്മയോട് സഹിഷ്ണുത പുലര്‍ത്താ‍നാവില്ല പിന്നെ എന്തിനാണ് ഇപ്പോഴും രാഷ്ട്രീയത്തിലെ തൊട്ടുകൂടായ്മയെ കുറിച്ച് ചിന്തിക്കുന്നത്”, അദ്വാനി ചോദിച്ചു. തമിഴ്നാട്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സഖ്യങ്ങള്‍ സൃഷ്ടിക്കാന്‍ ബിജെപി തിരിച്ചടി നേരിടുന്ന അവസരത്തിലാണ് ബിജെപി നേതാവ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിരിക്കുന്നത്.

സംസ്ഥാനങ്ങളിലെ ഭരണത്തിന് കമ്യൂണിസ്റ്റുകളുമായി കൈകോര്‍ത്ത ജന സംഘ് നേതാവ് ദീനദയാല്‍ ഉപാധ്യായയുടെ വഴി പിന്തുടരണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞ അദ്വാനി ബിജെപി ഒരിക്കലും രാഷ്ട്രീയ തൊട്ടുകൂടായ്മയെ അനുകൂലിച്ചിട്ടില്ല എന്നും ചൂണ്ടിക്കാണിച്ചു. എന്നാല്‍, കമ്യൂണിസ്റ്റുകള്‍ എന്നും ഒരു അകലം പാലിക്കുകയും അവജ്ഞയോടെ കാണുകയും ചെയ്തിരുന്നു എന്ന് അദ്വാനി കുറ്റപ്പെടുത്തുകയും ചെയ്തു.

പ്രവര്‍ത്തകര്‍ രാഷ്ട്രീയ ജീവിതത്തില്‍ ഉപാധ്യായയെ മാതൃകയാക്കണമെന്നും അദ്വാനി പറഞ്ഞു.

ഉപാധ്യായയുടെ ഭരണ നിര്‍വഹണ തത്വമാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയെ നേരിടാനുള്ള ഏകമാര്‍ഗ്ഗമെന്ന് ചടങ്ങില്‍ സംബന്ധിച്ച പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗ് പറഞ്ഞു. രാജ്യത്തും ലോകമെമ്പാടും കമ്യൂണിസ്റ്റ്-മുതലാളിത്ത വ്യവസ്ഥിതികള്‍ക്ക് തിരിച്ചടിയേറ്റ സാഹചര്യത്തില്‍, ലോകത്തെ ഒറ്റ കുടുംബമായി കാണുന്ന ദീനദയാലിന്‍റെ തത്വങ്ങള്‍ക്ക് പ്രാധാന്യമേറുകയാണെന്ന് രാജ്നാഥ് കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹി| PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :