രാമക്ഷേത്രം നിര്‍മ്മിക്കും: രാജ്നാഥ്

ലക്നൌ| WEBDUNIA| Last Modified ബുധന്‍, 29 ഏപ്രില്‍ 2009 (12:09 IST)
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ബിജെപി ബാധ്യസ്ഥമാണെന്ന് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിംഗ് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരം ലഭിക്കാന്‍ വേണ്ടി രാമക്ഷേത്ര അജണ്ട ബിജെപി മാറ്റി വച്ചിരിക്കുകയാണെന്ന എതിരാളികളുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. രാമന്‍റെ ചരിത്രം പോലും ചോദ്യം ചെയ്യുന്ന ഇക്കൂട്ടരുടെ മനഃപൂര്‍വ്വമുള്ള പ്രചാരണമാണിത്. അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കാനുള്ള പാര്‍ട്ടിയുടെ ഉത്തരവാദിത്തത്തിന് ഇതുവരെ കോട്ടംതട്ടിയിട്ടില്ല. കാലക്രമേണ ഇത് തെളിയിക്കപ്പെടുമെന്നും രാജ്നാഥ്സിംഗ് പറഞ്ഞു.

തീവ്രവാദവും വിലക്കയറ്റവുമാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയങ്ങള്‍. തെരഞ്ഞെടുപ്പില്‍ ഒരു മുഖ്യധാരാ പ്രശ്നവും ഇല്ലെന്ന് അവകാശവാദമുന്നയിക്കുന്നവര്‍ക്ക് ജനങ്ങള്‍ തിരിച്ചടി നല്‍കും. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി ചേര്‍ന്ന് ബി ജെ പി വിരുദ്ധകക്ഷികള്‍ ഭീഷണി ഉയര്‍ത്തുമോ എന്ന ചോദ്യത്തിന് ഈ സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്നായിരുന്നു രാ‍ജ്നാഥ്സിംഗിന്‍റെ മറുപടി.

രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ ഇപ്പോള്‍ കുത്തിപ്പൊക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ സുരക്ഷയ്ക്കായി തീവ്രവാദികളെ വിട്ടയക്കാന്‍ തീരുമാനമെടുത്തത് സര്‍വ്വകക്ഷിയോഗത്തിലാണെന്നും കോണ്‍ഗ്രസും യോഗത്തില്‍ പങ്കെടുത്തിരുന്നെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :