രാജ്യസഭ തെരഞ്ഞെടുപ്പ് ഇന്ന്: ബാലറ്റ് പേപ്പറില്‍ നോട്ടയും

തിരുവനന്തപുരം| JOYS JOY| Last Modified തിങ്കള്‍, 20 ഏപ്രില്‍ 2015 (08:00 IST)
സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് ഒഴിവു വന്ന മൂന്നു സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം അഞ്ചു മണിക്കാണ് വോട്ടെണ്ണല്‍ നിശ്ചയിച്ചിരിക്കുന്നത്.

ബാലറ്റ് പേപ്പറില്‍ ഇത്തവണ നിഷേധ വോട്ടിനുള്ള അവസരവും ഉണ്ട്. സ്ഥാനാര്‍ഥികളുടെ പേരിന് നേരെ പ്രിഫറന്‍സാണ് രേഖപ്പെടുത്തേണ്ടത്. ഇതിന് വയലറ്റ് നിറത്തിലുള്ള സ്കെച്ച് ഉണ്ടാകും. സ്ഥാനാര്‍ഥികളുടെ പേരിനൊപ്പമാണ് നോട്ട വരുക.

യു ഡി എഫിന് രണ്ട് സീറ്റ് വിജയിക്കാന്‍ ആവശ്യമായ അംഗബലമുണ്ട്. എന്നാല്‍, ഇടതുപക്ഷം രണ്ട് സ്ഥാനാര്‍ഥികളെ രംഗത്ത് ഇറക്കിയതിനാലാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. യു ഡി എഫുമായി ഇടഞ്ഞു നില്‍ക്കുന്ന പി സി ജോര്‍ജ്, കെ ബി ഗണേഷ് കുമാര്‍, ജനതാദള്‍ എന്നിവരിലാണ് രണ്ടാമത്തെ സ്ഥാനാര്‍ത്ഥിക്ക് എല്‍ ഡി എഫ് പ്രതീക്ഷ വെയ്ക്കുന്നത്.

യു ഡി എഫില്‍ നിന്ന് കോണ്‍ഗ്രസിലെ വയലാര്‍ രവിയും മുസ്ലിംലീഗിലെ പി വി അബ്ദുല്‍ വഹാബുമാണ് സ്ഥാനാര്‍ഥികള്‍. സി പി എമ്മിലെ കെ കെ രാഗേഷും സി പി ഐയിലെ കെ രാജനുമാണ് ഇടത് സ്ഥാനാര്‍ഥികള്‍. ആകെ 139 വോട്ടുകളാണ് ഉള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :