ഡല്‍ഹി കൂട്ടമാനഭംഗക്കേസ് പ്രധാന പ്രതി രാംസിംഗിനെ കൊലപ്പെടുത്തിയതാണെന്ന് ഇയാളുടെ മാതാപിതാക്കള്‍. "എന്റെ മകന് ആത്മഹത്യ ചെയ്തതല്ല. അവന്റെ കൊലപാതകത്തേക്കുറിച്ച് സിബിഐ അന്വേഷണം നടത്തണം”- രാം സിംഗിന്റെ പിതാവ് പറഞ്ഞു.
“ആറ് ദിവസങ്ങള്‍ക്ക് മുമ്പ് അവനെ ഞാന്‍ കോടതിയില്‍ വച്ച് കണ്ടിരുന്നു. ജീവന് അപകടത്തിലാണെന്ന് അവന് പറഞ്ഞിരുന്നു. ജയിലിലെ സഹതടവുകാര്‍ അവനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നതായും അവന് പറഞ്ഞിരുന്നു. അവനെ കൊന്ന് കെട്ടിത്തൂക്കിയതാണ്. ജയില്‍ അധികൃതര്‍ പറയുന്ന പോലെ തൂങ്ങിമരിക്കാന്‍ അവന് ഒറ്റയ്ക്ക് കഴിയില്ല. ഒരു അപകടത്തില്‍ അവന്റെ ഒരു കൈ ഒടിഞ്ഞതാണ്. ഒരു കൈ മാത്രം ഉപയോഗിച്ച് അത് ചെയ്യാന്‍ സാധിക്കില്ല”-പിതാവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ജയിലില്‍ വച്ച് മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ മകന് തനിക്ക് കാണിച്ചുതന്നിരുന്നു എന്ന് രാം സിംഗിന്റെ അമ്മ കല്യാണി ദേവി പറഞ്ഞു. “അവന് ഒരു തെറ്റ് ചെയ്തു. അത് അവന് ഞങ്ങളോട് സമ്മതിച്ചിരുന്നു. എന്നാല്‍ അവന് പശ്ചാത്തപിക്കാനുള്ള അവസരം പോലും നല്‍കിയില്ല“- അമ്മ പറഞ്ഞു.
രാം സിംഗ് ആത്മഹത്യ ചെയ്യില്ലെന്ന് ഇയാളുടെ അഭിഭാഷകനും പറഞ്ഞു. എല്ലാ ദിവസവും താന്‍ അയാളുമായി ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ രാം സിംഗ് ജയിലില്‍ പലതവണ ദേഹോപദ്രവത്തിന് ഇരയായിട്ടുണ്ടെന്നും അഭിഭാഷകന് പറഞ്ഞു.