സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞിറങ്ങിയ തമിഴ് സൂപ്പര്‍ താരം രജനീകാന്ത് ബുധനാഴ്ച നാട്ടില്‍ മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.
ബുധനാഴ്ച രാത്രി പത്ത് മണിക്ക് ചെന്നൈയില്‍ എത്തുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിലായിരിക്കും രജനി മടങ്ങിയെത്തുക എന്നാണ് സൂചന. എന്നാല്‍, സൂപ്പര്‍ താരം മടങ്ങിയെത്തുമ്പോള്‍ വിമാനത്താവളത്തില്‍ ആരാധകരുടെ തിക്കും തിരക്കും ഉണ്ടാകാതിരിക്കാന്‍ മടക്കയാത്രയെ കുറിച്ചുള്ള വ്യക്തമായ ചിത്രം നല്കാന് വിമാനത്താവള അധികൃതരും രജനിയോട് അടുത്ത വൃത്തങ്ങളും വിസമ്മതിച്ചു.
സൂപ്പര്‍ താരത്തെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാന്‍ ഭാര്യ ലതയും മകള്‍ ഐശ്വര്യയും സിംഗപ്പൂരിലേക്ക് പോയിട്ടുണ്ട്. രജനീക്കാന്തിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും തിരിച്ചെത്തിയാലുടന്‍ ‘റാണ’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും മരുമകനും നടനുമായ ധനുഷ് പറഞ്ഞു.
ഇതിനിടെ, തിരിച്ചെത്തുന്നതിനു മുന്നോടിയായി രജനി തന്റെ പുതിയ ചിത്രത്തിലെ നായിക ദീപിക പദുക്കോണിനെ ഫോണില്‍ വിളിച്ച് ഡേറ്റിനെ കുറിച്ച് സംസാരിച്ചു എന്ന് റിപ്പോര്‍ട്ടുണ്ട്.
ജൂണ്‍ 14 ന് ആണ് രജനീകാന്ത് മൌണ്ട് എലിസബത്ത് ആശുപത്രിവിട്ടത്. ഒരു സ്വകാര്യ അപ്പാര്‍ട്ട്മെന്റിലാണ് രജനി ഇപ്പോള്‍ താമസിക്കുന്നത്.