യുപിഎ കാബിനറ്റിലെ മന്ത്രി ബിജെപി ക്യാംപില്‍

ന്യൂഡല്‍ഹി| Joys Joy| Last Modified തിങ്കള്‍, 19 ജനുവരി 2015 (15:13 IST)
കോണ്‍ഗ്രസ് നേതാവും കാബിനറ്റില്‍ മന്ത്രിയുമായിരുന്ന കൃഷ്ണ തിരാത് ബി ജെ പിയില്‍ ചേര്‍ന്നു. കൃഷ്ണ തിരാതിന്റെ ഈ കാലുമാറ്റം ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഗുണം ചെയ്തേക്കുമെന്നാണ് കരുതുന്നത്.

യു പി എ സര്‍ക്കാരില്‍ വനിത, ശിശുക്ഷേമ മന്ത്രിയായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട് കൃഷ്‌ണ തിരാത്. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ നേരിട്ടു കണ്ടാണ് കൃഷ്‌ണ തിരാത് ബി ജെ പിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ തന്റെ റോള്‍ എന്താണെന്ന് അമിത് ഷാ തീരുമാനിക്കുമെന്നും പക്ഷേ, താന്‍ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും അമിത് ഷായെ കണ്ടതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ കൃഷ്‌ണ തിരാത് പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് നേതാക്കളെ ബി ജെ പിയില്‍ അംഗമാക്കുന്നത് ബി ജെ പിയുടെ ധൈര്യമില്ലായ്മയെയാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കൃഷ്‌ണയുടെ കൂറുമാറ്റം ഗുണം ചെയ്യുമെന്നാണ് ബി ജെ പി കരുതുന്നത്.

ദളിത് സമൂഹത്തിന്റെ വോട്ട് കൂടി ലക്‌ഷ്യമിട്ടാണ് ബി ജെ പി കൃഷ്‌ണ തിരാതിനെ സ്വന്തം പാളയത്തില്‍ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 12 സംവരണ സീറ്റുകളില്‍ ഒമ്പതെണ്ണത്തില്‍ എ എ പി വിജയിച്ചപ്പോള്‍ രണ്ട് എണ്ണത്തില്‍ ബി ജെ പിയും ഒന്നില്‍ കോണ്‍ഗ്രസും വിജയിച്ചിരുന്നു.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ പ്രതിനിധീകരിച്ച് കൃഷ്ണ തിരാത് മത്സരിച്ചേക്കും എന്നും ശ്രുതിയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :