മോഡിയെ യുഎസ് സംഘം സന്ദര്‍ശിച്ചത് ഒത്തുകളി, നല്‍കിയത് ലക്ഷങ്ങള്‍?

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ യു എസ് സംഘം സന്ദര്‍ശിച്ചത് ഒത്തുകളിയാണെന്ന് ആരോപണം. ലക്ഷങ്ങള്‍ മുടക്കിയാണ് സംഘത്തെ എത്തിച്ചതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 2014 തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് കരുതപ്പെടുന്ന മോഡിയ്ക്ക് അന്താരാഷ്ട്ര പിന്തുണയുണ്ടെന്ന് പ്രചരിപ്പിക്കാനായിരുന്നു ഇതെന്നും ചിക്കാഗോയില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിജെപിയുടെ വിദേശത്തെ സജീവപ്രവര്‍ത്തകനായ ശലഭ് കുമാറിന്റെ നേതൃത്വത്തിലുള്ള ചിക്കാഗോയിലെ നാഷണല്‍ ഇന്ത്യന്‍ അമേരിക്കന്‍ പബ്ലിക് പോളിസി ഇന്‍സ്റ്റിറ്റിയൂട്ട്(എന്‍ഐഅപിപിഐ) ആണ് സന്ദര്‍ശനത്തിന്റെ സംഘാടകര്‍. ഇന്ത്യ സന്ദര്‍ശിച്ച യുഎസ് സംഘത്തിലെ ഓരോ പ്രതിനിധിയ്ക്കും 1.62 ലക്ഷം രൂപ മുതല്‍ 8.68 ലക്ഷം രൂപ വരെയാണ് നല്‍കിയത്. വ്യാഴാഴ്ച ഗാന്ധിനഗറില്‍ ആണ് ഇവര്‍ മോഡിയുമായി കൂടിക്കാഴ്ച നടത്തിയത്. ഗുജറാത്തിലെ വ്യാവസായിക അന്തരീക്ഷത്തെ പ്രകീര്‍ത്തിച്ച സംഘം മോഡിയെ യു എസിലേക്ക് ക്ഷണിച്ചാണ് മടങ്ങിയത്.

വ്യവസായികളും യു എസ് കോണ്‍ഗ്രസിലെ നാല് അംഗങ്ങളുമാണ് ബിസിനസ്സ് സാധ്യതകള്‍ പഠിയ്ക്കാന്‍ ഇന്ത്യയില്‍ എത്തിയത്. രാജസ്ഥാന്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കൂടി ഉള്‍പ്പെടുന്നതായിരുന്നു ഇവരുടെ സന്ദര്‍ശന പാക്കേജ്. താജ്മഹല്‍, സുവര്‍ണക്ഷേത്രം തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇവര്‍ സന്ദര്‍ശിച്ചു.
അതേസമയം മോഡിക്ക് വിസ അനുവദിക്കേണ്ടതില്ല എന്ന ഔദ്യോഗിക നിലപാടില്‍ നിന്ന് വ്യതിചലിച്ചിട്ടില്ലെന്ന് അമേരിക്ക വ്യക്തമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :