മൊബൈല്‍ ടവറില്‍ നാലാം ദിവസം; ജവാന്റെ നില വഷളായി

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
സീനിയര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം ഏല്‍ക്കേണ്ടിവരുന്നതായി ആരോപിച്ച് മൊബൈല്‍ ടവറിന് മുകളില്‍ കയറിയ ജവാന്‍ നാലാം ദിവസവും താഴെയിറങ്ങാന്‍ തയ്യാറായില്ല. കരസേനയില്‍ 69 എഞ്ചിനീയറിംഗ് റജിമെന്റില്‍ ജോലി ചെയ്യുന്ന കെ മുത്തു(35) ആണ് 200 അടി ഉയരമുള്ള മൊബൈല്‍ ടവറിന് മുകളില്‍ കയറിയത്. ഇയാളുടെ ആരോഗ്യനില വഷളായിട്ടുണ്ട്. തന്നെ താഴെയിറക്കാന്‍ ആരെങ്കിലും മുതിര്‍ന്നാണ് ടവറില്‍ നിന്ന് ചാടും എന്നാണ് ഇയാള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. പ്രതിരോധമന്ത്രി എ കെ ആന്റണി നേരിട്ടെത്തി തന്റെ പരാതികള്‍ കേട്ടാല്‍ താഴെയിറങ്ങാം എന്നാണ് ഇയാള്‍ പറയുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഡല്‍ഹി അജ്മേരി ഗേറ്റിന് സമീപത്തെ മൊബൈല്‍ ടവറില്‍ മുത്തു കയറിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കരസേനാ ഉദ്യോഗസ്ഥരും പൊലീസും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും മുത്തു താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. ആന്റണിയുമായി തന്റെ പ്രശ്നങ്ങള്‍ നേരിട്ട് സംസാരിക്കണം എന്ന ആവശ്യത്തില്‍ ഇയാള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

തന്റെ പിതാവ് മരിച്ചപ്പോഴും ഭാര്യ ഗര്‍ഭിണിയായിരുന്നപ്പോഴുമൊന്നും ലീവ് അനുവദിച്ചില്ലെന്ന് മുത്തു പറയുന്നു. അഞ്ച് വര്‍ഷത്തിനിടെ അഞ്ച് തവണ സ്ഥലം മാറ്റി. സീനിയര്‍ ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തെക്കുറിച്ചും ഇയാള്‍ പരാതിപ്പെടുന്നു. തന്നെ സര്‍വീസില്‍ നിന്ന് വിട്ടയക്കണം. കഴിഞ്ഞ എട്ട് മാസത്തെ ശമ്പളം തനിക്ക് ലഭ്യമാക്കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു. ഇത് തന്റെ മാത്രം പ്രശ്നമല്ലെന്നും സേനയിലെ അനേകം ജവാന്മാര്‍ക്ക് വേണ്ടിയാണ് താന്‍ ഇത് ചെയ്യുന്നതെന്നും മുത്തു പറയുന്നു.

മുമ്പ് ബാംഗ്ലൂരില്‍ പോസ്റ്റ് ചെയ്ത സമയത്തും മുത്തു ടവറിന് മുകളില്‍ കയറി ഭീഷണി മുഴക്കിയിരുന്നു. അന്ന് ഇയാളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പറഞ്ഞ് അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. എന്നാല്‍ തന്നെ മനോരോഗാശുപത്രിയില്‍ അയക്കുകയാണ് ഉണ്ടായതെന്ന് ഇയാള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :