കാലിഫോര്‍ണിയയിലെ ഓക്ലന്ഡിലുള്ള ഒരു പാസ്റ്റര്‍ ലോകാവസാനത്തെ കുറിച്ച് വിവാദ പ്രവചനം നടത്തി ആഴ്ചകള്‍ക്ക് ശേഷം അതേ പ്രവചനം രേഖപ്പെടുത്തിയ പരസ്യങ്ങള്‍ ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടു! ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തിലുള്ള പരസ്യത്തില്‍ 2011 മെയ് 21 ന് ആറ് മണിക്ക് ലോകം അവസാനിക്കുമെന്നാണ് പറയുന്നത്.
ഹരോള്‍ഡ് കാമ്പിംഗ് എന്ന പാസ്റ്ററുടെ വിവാദ പ്രവചനത്തെ കുറിച്ച് കഴിഞ്ഞ മാസമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. ഫാമിലി റേഡിയോ എന്ന മതകാര്യ റേഡിയോ ശൃംഖല ‘ലോകാവസാന പരസ്യം’ ദുബായില്‍ ഉയര്‍ത്തിയതും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു.
ഇന്ത്യയില്‍, ഉത്തര്‍പ്രദേശിലെ പിലിഭിറ്റിലും ഇറ്റാവയിലും ഒറീസയിലെ ഭുവനേശ്വറിലും മധ്യപ്രദേശിലെ ബെറ്റൂളിലുമാണ് ലോകാവസാനത്തെ കുറിച്ച് പരാമര്‍ശിക്കുന്ന പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലോകത്തിലെ രണ്ട് ശതമാനം വരുന്ന ജനങ്ങള്‍ അന്ത്യവിധി ദിവസം സ്വര്‍ഗത്തിലേക്കും ബാക്കിയുള്ളവര്‍ നരകത്തിലേക്കും പോകുമെന്നാണ് കാമ്പിംഗിന്റെ പ്രവചനത്തില്‍ പറയുന്നത്.
കഴിഞ്ഞ 70 വര്‍ഷത്തെ ബൈബിള്‍ പഠനത്തില്‍ നിന്നാണ് താന്‍ അന്ത്യവിധി ദിനത്തെ കുറിച്ച് മനസ്സിലാക്കിയതെന്നാണ് ഹരോള്‍ഡ് കാമ്പിംഗ് പറയുന്നത്. എഡി 33 ന് ആണ് യേശുവിനെ കുരിശില്‍ തറച്ചത് എന്നും മെയ് 21 അതു കഴിഞ്ഞ് 722,500 ദിവസം തികയുമെന്നും ഇദ്ദേഹം സമര്‍ത്ഥിക്കുന്നു. വിശുദ്ധ സംഖ്യകളായ അഞ്ച്, 10, 17 എന്നിവ തുടര്‍ച്ചയായി രണ്ട് തവണ ഗുണിച്ചാല്‍ ലഭിക്കുന്ന സംഖ്യയാണ് 722,500 എന്നും കാമ്പിന് വിശദീകരിക്കുന്നു.
നേരത്തെ, 1994 സെപ്തംബര്‍ ആറിന് ലോകം അവസാനിക്കുമെന്ന് കാമ്പിംഗ് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍, അന്നത്തെ കണക്കില്‍ ഒരു പിഴവ് സംഭവിച്ചു എന്നാണ് ഇദ്ദേഹത്തിന്റെ വാദം.