കൊല്‍ക്കത്ത|
WEBDUNIA|
Last Modified ബുധന്‍, 29 ഏപ്രില്‍ 2009 (20:02 IST)
രാജ്യത്ത് മൂന്നാം മുന്നണി അധികാരത്തിലെത്തില്ലെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍കെ അദ്വാനി പറഞ്ഞു. കോണ്‍ഗ്രസിനോ ബിജെപിക്കോ ആയിരിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിയോഗമുണ്ടാകുക എന്നും അദ്വാനി ചൂണ്ടിക്കാട്ടി.
കൊല്‍ക്കത്തയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്വാനി. മൂന്നാം മുന്നണി അധികാരത്തില്‍ വരുമെന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വപ്നം അസ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. താലിബാന്‍റെ ഭീഷണി ഇന്ത്യന്‍ അതിര്‍ത്തിയുടെ 20 കിലോമീറ്റര്‍ മാത്രം അകലെയെത്തുമ്പോഴും കേന്ദ്ര സര്‍ക്കാരിന് തീവ്രവാദത്തിനെതിരെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് അദ്വാനി കുറ്റപ്പെടുത്തി.
ഇടത് പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനുമെതിരെ നിശിതമായ വിമര്‍ശനമാണ് അദ്വാനി നടത്തിയത്. പശ്ചിമബംഗാളിലെ ഇടത് സര്‍ക്കാര്‍ വികസന വിരോധികളാണെന്ന് നാനോ വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ ചേക്കേറണോ അതോ എന്‍ഡിഎയിലേക്ക് തിരിച്ചുവരണോ എന്ന് മമത ബാനര്‍ജിക്ക് തീരുമാനിക്കാമെന്ന് പറഞ്ഞ അദ്വാനി മമതയെപ്പോലെ തന്നെ മാര്‍ക്സിസ്റ്റ് വിരോധികളാണ് ബിജെപിയെന്നും കൂട്ടിച്ചേര്‍ത്തു.