മൂന്നാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 29 ജൂലൈ 2010 (15:21 IST)
വിലക്കയറ്റത്തെ ചൊല്ലി തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു. പ്രതിപക്ഷ ബഹളം അനിയന്ത്രിതമായതിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നത്തേക്ക് പിരിയുകയായിരുന്നു. ആദ്യം 12 മണിവരെയായിരുന്നു ഇരു സഭകളും നിര്‍ത്തിവച്ചിരുന്നത്.

ലോക്സഭയില്‍, സുഷമ സ്വരാജിന്റെയും മുലായം സിംഗ് യാദവിന്റെയും നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ വിലക്കയറ്റ പ്രശ്നം ചട്ടം 184 പ്രകാരം വോട്ടെടുപ്പോടു കൂടിയ ചര്‍ച്ചയ്ക്ക് ഇടണമെന്ന് ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയായിരുന്നു.

ചോദ്യോത്തര വേള തുടങ്ങി 15 മിനിറ്റ് ആയപ്പോഴേക്കും പ്രതിപക്ഷാംഗങ്ങള്‍ ബഹളം വച്ചുകൊണ്ട് സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്ത് എത്തിയിരുന്നു. ചോദ്യത്തര വേളയ്ക്ക് ശേഷം വിലക്കയറ്റ പ്രശ്നത്തെ കുറിച്ച് സംസാരിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു എങ്കിലും പ്രതിപക്ഷ ബഹളം അവസാനിച്ചില്ല. തുടര്‍ന്ന്, സ്പീക്കര്‍ സഭ 12 മണിവരെ നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചു. ഇതേ പ്രശ്നത്തില്‍ അടിയന്തിര പ്രമേയത്തിനുള്ള അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും പിരിഞ്ഞിരുന്നു.

വിലക്കയറ്റത്തിനെതിരെ ഇടതു കക്ഷികള്‍ പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണ നടത്തി. വിലക്കയറ്റത്തിനെതിരെ 10 കോടി ഒപ്പുകള്‍ ശേഖരിച്ച നിവേദനം ബിജെപി രാഷ്ട്രപതി പ്രതിഭ പാട്ടീലിന് സമര്‍പ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :