മുംബൈ ഭീകരാക്രമണ പദ്ധതി പ്രാദേശിക സഹായമില്ലാതെ നടപ്പാക്കാന്‍ കഴിയില്ല എന്ന് ബിജെപി നേതാവ് എല്‍ കെ അദ്വാനി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പാര്‍ട്ടിയുടെ ദേശീയ സമിതിയില്‍ ഇത്തരത്തില്‍ നടത്തിയ പ്രസ്താവനയ്ക്ക് ശേഷമാണ് അദ്വാനിയും വന്‍ വിമര്‍ശനം ഉണ്ടാക്കിയേക്കാവുന്ന പ്രസ്താവന ആവര്‍ത്തിച്ചത്.
പാകിസ്ഥാന് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി മുംബൈ ഭീകരാക്രമണവും സംഝോത്ത എക്സ്പ്രസ് സ്ഫോടനവും തമ്മില്‍ ബന്ധിപ്പിച്ച് പ്രസ്താവന നടത്തിയതിന് അടുത്ത ദിവസം തന്നെയാണ് അദ്വാനി ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തെ കുറിച്ച് യുപിഎ സര്‍ക്കാര്‍ കൂടുതല്‍ വ്യക്തമായ അന്വേഷണം നടത്തണമെന്നും ഇത്തരം ആക്രമണം പ്രാദേശിക സഹായമില്ലാതെ നടപ്പാക്കാനാവില്ല എന്നും അദ്വാനി ചൊവ്വാഴ്ച ലോക്സഭയില്‍ പറഞ്ഞു.
ഭീകരര്‍ കടലിലൂടെ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് സര്‍ക്കാരിന് ലഭിച്ചിരുന്നു എങ്കിലും അത് തടയാന്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു എന്നും അന്വേഷണം നടത്തിയ മുംബൈ പൊലീസ് പ്രാദേശിക ബന്ധം ഇല്ലെന്ന റിപ്പോര്‍ട്ട് നല്‍കിയത് ലജ്ജാകരമാണെന്നും അദ്വാനി പറഞ്ഞു.
ബിജെപിയുടെ ദേശീയ സമിതിയില്‍ വച്ച് ഫെബ്രുവരി എട്ടിനായിരുന്നു നരേന്ദ്ര മോഡി വിവാദപരമായ പ്രസ്താവന നടത്തിയത്. പ്രാദേശിക സഹായമില്ലാതെ മുംബൈ ഭീകരാക്രമണം നടക്കില്ല എന്ന മോഡിയുടെ പ്രസ്താവന പാകിസ്ഥാനും ആയുധമാക്കിയിരുന്നു. തുടര്‍ന്ന്, കോണ്‍ഗ്രസ് ഈ പ്രസ്താവനയ്ക്കെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു.
ന്യൂഡല്‍ഹി|
PRATHAPA CHANDRAN|
‘മുംബൈ ആക്രമണത്തിന് പ്രാദേശിക സഹായം’ എന്ന അദ്വാനിയുടെ പ്രസ്താവനയോട് പ്രതികരിക്കൂ