മാവോയിസ്റ്റുകള്‍ക്കെതിരെ നേപ്പാള്‍ മന്ത്രി

ന്യൂഡല്‍ഹി| WEBDUNIA|
കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രത്തില്‍ നിന്നും ഇന്ത്യന്‍ പൂജാരിമാരെ പുറത്താക്കിയതിന് നേപ്പാള്‍ വിദേശകാര്യമന്ത്രി മാവോയിസ്റ്റ് സഖ്യത്തെ കുറ്റപ്പെടുത്തി. ഒരു ഇന്ത്യന്‍ ഇംഗ്ലീഷ് വാര്‍ത്താ ചാനലിനോട് സംസാരിക്കവേ ക്ഷേത്രം ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാത്ത പ്രധാനമന്ത്രി പ്രചണ്ഡയുടെ നടപടിയേയും അദ്ദേഹം വിമര്‍ശിച്ചു.

ഹിന്ദു വികാരത്തിനെതിരായ ഈ സംഭവത്തിന് പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍റെ കക്ഷിയുമാണ് ഉത്തരവാദിയെന്നും നേപ്പാള്‍ വിദേശകാ‍ര്യമന്ത്രി ഉപേന്ദ്ര യാദവ് പറഞ്ഞു. മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്താനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മുന്നൂറ് വര്‍ഷത്തിലധികമായി ഇന്ത്യന്‍ പൂജാരിമാര്‍ പൂജ നടത്തുന്നതാണ് ഈ ക്ഷേത്രം. മാവോയിസ്റ്റ് സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഡിസംബറില്‍ മൂന്ന് ഇന്ത്യന്‍ പൂജാരിമാര്‍ രാജിവയ്ക്കുകയും ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന വിഭാഗമായ യുവ കമ്യൂണിസ്റ്റ് ലീഗിന്‍റെ പിന്തുണയോടെ പശുപതിനാഥ് പ്രദേശ വികസന ട്രസ്റ്റ് രണ്ട് നേപ്പാളി പൂജാരിമാരെ നിയമിക്കുകയും ചെയ്തതോടെയാണ് ക്ഷേത്രത്തെ സംബന്ധിച്ച വിവാദങ്ങള്‍ ആരംഭിച്ചത്. ട്രസ്റ്റിന്‍റെ നടപടി ഇന്ത്യന്‍ പൂജാരിമാരുടെ ഹര്‍ജിയെത്തുടര്‍ന്ന് നേപ്പാള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ക്ഷേത്ര വിവാദം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നമായി മാറുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :