മായാബെന്‍ കൊദ്നാനി രാജിവച്ചു

അഹമ്മദാബാദ്| WEBDUNIA| Last Modified വെള്ളി, 27 മാര്‍ച്ച് 2009 (13:58 IST)
ഗോധ്ര കലാപക്കേസില്‍ കുറ്റാരോപിതയായ ഗുജറാത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി മായാബെന്‍ കൊദ്നാനി നരേന്ദ്ര മോഡി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. കലാപക്കേസില്‍ മായാബെന്നിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കാണിച്ച് ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയ ഉടനെയാണ് മായാബെന്‍ രാജി പ്രഖ്യാപനം നടത്തിയത്.

കേസില്‍ വിശദീകരണ ഹര്‍ജി നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന മായാബെന്നിന്‍റെ ആവശ്യവും ഹൈക്കോടതി നിരസിച്ചിരുന്നു. അതിനിടെ ഇന്ന് വൈകുന്നേരത്തോടെ മായാബെന്നിനെ അറസ്റ്റ് ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ന് വൈകിട്ട് അഹമ്മദാബാദില്‍ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍ കെ അദ്വാനിയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും പങ്കെടുക്കുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി നടക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് ഗുജറാത്ത് രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ച കോടതി വിധി .

2002ല്‍ ഗോധ്ര കലാപത്തോടനുബന്ധിച്ച് നരോഡ ഗ്രാമത്തിലെ നരോഡ പട്ടിയയില്‍ നടന്ന കലാപത്തില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന മായാബെന്‍ ഒന്നും ചെയ്തില്ലെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. 106 പേരാണ് ഇവിടെ കലാപത്തില്‍ കൊല്ലപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :