രാഷ്ട്രീയം പാവപ്പെട്ടവര്‍ക്കുള്ളതല്ല എന്ന് മുഖ്യമന്ത്രിമാരുടെ സ്വത്ത് വിവരം പരിശോധിച്ചാല്‍ മനസ്സിലാവും. യുപി മുഖ്യമന്ത്രി മായാവതിയാണ് ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും വലിയ ധനാഢ്യ. ഇവര്‍ക്ക് 86 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്.
അതേസമയം, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായ ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് വെറും 15.2 ലക്ഷം രൂപയുടെ ആസ്തിയാണുള്ളത്. 2.65 ലക്ഷം രൂപയുടെ എല്‍ഐസി പോളിസി, 6.42 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം, 5 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ എന്നിവയും പണമായി കൈവശമുള്ള 3,550 രൂപയുമാണ് ബുദ്ധയുടെ സമ്പാദ്യം.
ഒരു സ്കൂള്‍ അധ്യാപികയായിരുന്ന മായാവതി ബിഎസ്പിയിലൂടെ ദളിത് നേതാവായി വളര്‍ന്നതിനൊപ്പം അവരുടെ സമ്പാദ്യവും വളര്‍ന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മായയ്ക്ക് 75 കോടിയുടെ ഭൂസ്വത്തും 90 ലക്ഷം രൂപയുടെ ആഭരണങ്ങളും ഉണ്ട്.
രണ്ടാമത്ത പണക്കാരനായ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലാണ്. എന്നാല്‍, ഇദ്ദേഹം മായയെക്കാള്‍ ബഹുദൂരം പിന്നിലാണ്. ബാദലിന് 8.6 കോടിയുടെ സ്വത്താണുള്ളത്. ഇതില്‍ നാല് കോടിയുടെ കാര്‍ഷിക ഭൂമിയാണ്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയാണ് മൂന്നാമത്തെ പണക്കാരനായ മുഖ്യമന്ത്രി. ഇദ്ദേഹത്തിന് 8.1 കോടി രൂപയുടെ സ്വത്തുണ്ട്. കര്‍ണാടക മുഖ്യന് യദ്യൂരപ്പയ്ക്കാവട്ടെ, 5.38 കോടി രൂപയുടെ സ്വത്തുക്കളാണുള്ളത്.
ഒറീസ മുഖ്യന് നവീന്‍ പട്നായിക്കിന് 4.7 കോടി രൂപയുടെയും ഹരിയാന മുഖ്യന് ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്ക് 3.74 കോടി രൂപയുടെയും ആസ്തിയുണ്ട്.
PTI
ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് രണ്ട് കോടി രുപയുടെ സ്വത്തുക്കളാണ് ഉള്ളത്. ഹിമാചലില്‍ ഒരു ഫാക്ടറിയും ഡല്‍ഹിയില്‍ ഒരു ഫ്ലാറ്റും 40 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും 10 ലക്ഷം രൂപയുടെ ഒരു കാറും ഒമറിന്റെ സമ്പാദ്യത്തില്‍ ഉള്‍പ്പെടുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് 1.78 കോടി രൂപയുടെ സ്വത്തുക്കളാണുള്ളത്. ഗാന്ധിനഗറില്‍ 1.65 കോടിയുടെ ഒരു പ്ലോട്ടും ബാങ്ക് നിക്ഷേപമായ 8 ലക്ഷം രൂപയും ഇതില്‍ ഉള്‍പ്പെടുന്നു.
ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന് 1.3 കോടി രൂപയുടെ സ്വത്താണുള്ളത്.