മഴ: ഇന്ത്യ പരാജയപ്പെട്ടു

ന്യൂഡല്‍‌ഹി| WEBDUNIA|
മഴക്കെടുതിയില്‍ മരണക്കണക്ക് ഓരോവര്‍ഷവും കുതിച്ചുയരുമ്പോള്‍ ആവശ്യമുള്ള മുന്‍‌കരുതലുകള്‍ എടുക്കുന്നതില്‍ ഇന്ത്യ പരാജയമാണെന്ന് വിമര്‍ശനം. ഈ വര്‍ഷം മഴക്കെടുതികളില്‍ രാജ്യത്ത് 1200ഓളം പേര്‍ മരണപ്പെട്ടിട്ടുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്.

അനൌദ്യോഗികമായി കണക്കുകള്‍ ഇതിലും വളരെയധികമാണ് എന്നതാണ് വാസ്തവം. ലക്ഷക്കണക്കിന് ആളുകളെ പ്രളയം ദുരിതത്തിലാക്കി. തടയണകളും ചെറുഡാമുകളും ബണ്ടുകളും നിര്‍മ്മിച്ച് ഒഴിവാക്കാവുന്ന ദുരന്തങ്ങള്‍ ഉണ്ടായിരുന്നിട്ടും സര്‍ക്കാര്‍ ആവശ്യമുള്ളതൊന്നും ചെയ്തില്ലെന്ന് വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു.

ബംഗ്ലാദേശിനെയാണ് അവര്‍ ഇതിന് ഒരു അപവാദമായി ചുണ്ടിക്കാണിക്കുന്നത്. ദരിദ്രരാഷ്ട്രമായിട്ടുപോലും മഴക്കെടുതികളെ നേരിടാന്‍ ആവശ്യമുള്ള മുന്‍‌കരുതലുകള്‍ ബംഗ്ലാദേശ് സ്വീകരിക്കുന്നുണ്ട്. 1998ല്‍ ബംഗ്ലാദേശിനെ പിടിച്ചുലച്ച പ്രളയത്തിനു ശേഷം രാജ്യം ആവശ്യമുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു.

ധാക്കയ്ക്കു ചുറ്റും വെള്ളപ്പൊക്കം തടയാന്‍ മതിലുകള്‍ നിര്‍മ്മിക്കുകയും ഗ്രാമങ്ങള്‍ക്കു ചുറ്റും കളിമണ്‍ മതിലുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. വെള്ളപ്പൊക്കത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ഒരു സ്ഥിരകേന്ദ്രവും ബംഗ്ലാദേശ് തുടങ്ങി.

ഇപ്പോള്‍ വെള്ളപ്പൊക്കത്തില്‍ 192 പേരാണ് ബംഗ്ലാദേശില്‍ മരണപ്പെട്ടത്. എന്നാല്‍ കൃത്യസമയത്ത് അറിയിപ്പ് നല്‍കുന്നതിലും ആള്‍ക്കാരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിലും ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നെങ്കില്‍ മരണസംഖ്യ ഇതിലും ഉയരുമായിരുന്നു എന്ന് വിദഗ്ധര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :