മമതയുടേത് ദിവാസ്വപ്നം: സി പി എം

ന്യൂഡല്‍ഹി| WEBDUNIA|
PTI
ബി ജെ പിയിലെ പൊട്ടിത്തെറി മുതലെടുത്ത് പുതിയ രാഷ്ട്രീയ ബദലിന് രൂപം കൊടുക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന മമതാ ബാനര്‍ജിയുടേത് ദിവാസ്വപ്നമാണെന്ന് സി പി എം. മൂന്നാം ബദലിനുള്ള സാധ്യതയില്ലെന്ന നിലപാടിലാണ് സി പി എം. മമതയുടെ നീക്കം കാര്യമാക്കേണ്ട കാര്യമല്ലെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പ്രതികരിച്ചു.

ഐക്യ ജനതാദള്‍, ബിജു ജനതാദള്‍ എന്നിവയുമായി കൂട്ടുചേര്‍ന്നാണ് പുതിയ ബദലിനായി മമത പരിശ്രമിക്കുന്നത്. നിതീഷ്‌കുമാര്‍, ശരദ് യാദവ്, നവീന്‍ പട്നായിക് എന്നിവരുമായി മമതാ ബാനര്‍ജി ടെലിഫോണിലൂടെ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. ജെഡിയു എംപി കെ സി ത്യാഗിയെ മമതാ ബാനര്‍ജിയുടെ അടുത്തേക്ക് നിതീഷ് അയച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇടതുപാര്‍ട്ടികളെ അകറ്റി നിര്‍ത്തിക്കൊണ്ടുള്ള ഒരു മൂന്നാം ബദലിനാണ് മമതാ ബാനര്‍ജി ശ്രമിക്കുന്നത്. യു പി എയ്ക്കും എന്‍ ഡി എയ്ക്കും പിന്തുണ നല്‍കില്ലെന്ന് നവീന്‍ പട്‌നായിക് വ്യക്തമാക്കിക്കഴിഞ്ഞു.

അതേസമയം, എന്‍ഡി‌എ വിടാനൊരുങ്ങുന്ന ഐക്യജനതാദളിനെ അനുനയിപ്പിക്കാന്‍ എല്‍ കെ അദ്വാനി രംഗത്തെത്തി. സഖ്യം തുടര്‍ന്നു പോകണമെന്നും ലോക്സഭ തെരഞ്ഞെടുപ്പിനും അതിനുശേഷവും ഒന്നിച്ചുണ്ടാകണമെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോടും ജെഡിയു പാര്‍ട്ടി അധ്യക്ഷന്‍ ശരദ് യാദവിനോടും അദ്വാനി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

അതിനിടെ, ജെഡിയു വെള്ളി,​ ശനി ദിവസങ്ങളില്‍ അടിയന്തര യോഗം ചേരും. പാര്‍ട്ടി അധ്യക്ഷന്‍ ശരദ് യാദവുമായി നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :