മന്‍മോഹന്‍ സിംഗിന് പിന്തുണ പ്രഖ്യാപിച്ച് സോണിയയും എം പിമാരും

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 12 മാര്‍ച്ച് 2015 (10:21 IST)
കല്‍ക്കരി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എം പിമാരും മുന്‍ പ്രധാനമന്ത്രിക്ക് പിന്തുണ അറിയിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാര്‍ച്ച് നയിച്ച് എത്തി. എ ഐ സി സി ഹെഡ്‌ക്വാര്‍ട്ടേഴ്സില്‍ നിന്ന് ആണ് സോണിയ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാര്‍ച്ച് ആയി അക്‌ബര്‍ റോഡിലെ മന്‍മോഹന്‍ സിംഗിന്റെ വീട്ടിലേക്ക് എത്തിയത്. 
 
മന്‍മോഹന്‍ സിംഗ് സത്യത്തിന്റെ പ്രതീകമാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. മന്‍മോഹനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. മന്‍മോഹന് ഉറച്ച പിന്തുണ നല്കുമെന്നും അവര്‍ വ്യക്തമാക്കി. 
മാര്‍ച്ച് ആരംഭിക്കുന്നതിനു മുമ്പ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളും പാര്‍ട്ടി എം പിമാരും പാര്‍ട്ടി ഹെഡ്‌ക്വാര്‍ട്ടേഴ്സില്‍ യോഗം ചേര്‍ന്നിരുന്നു. 
 
ബുധനാഴ്ച ആയിരുന്നു ഹിന്‍ഡാല്‍കോ കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സി ബി ഐ പ്രത്യേക കോടതി പ്രതിചേര്‍ത്തത്. മന്‍മോഹന്‍ സിംഗിനോട് അടുത്തമാസം എട്ടാം തിയതി ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 
 
അതേസമയം, കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രതിചേര്‍ത്തപ്പെട്ട നടപടി ഞെട്ടിക്കുന്നതാണെന്നും വാര്‍ത്ത കേട്ടപ്പോള്‍ അസ്വസ്ഥനായെന്നും മുന്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇതൊക്കെ ജീവിത്തിന്റെ ഒരു ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സത്യം പുറത്തുവരുമെന്നും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം കിട്ടുമെന്നും പറഞ്ഞ മന്‍‌മോഹന്‍ നിയമപരമായ അന്വേഷണത്തിന് തയ്യാറാണെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്നും വ്യക്തമാക്കിയിരുന്നു. 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :