ഭീകരര്‍ക്ക് 51 കോടി രൂപ വാഗ്‌ദാനം ചെയ്ത നേതാവിനെതിരെ കേസ്

ലക്‌നൌ| Joys Joy| Last Updated: വെള്ളി, 9 ജനുവരി 2015 (12:43 IST)
പാരിസ് ഭീകരാക്രമണത്തെ അനുകൂലിച്ച് സംസാരിച്ച ബി എസ് പി നേതാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബി എസ് പി നേതാവ് ഹാജി യാക്കൂബ് ഖുറേഷിക്ക് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭീകരാക്രമണത്തെ അനുകൂലിച്ച് സംസാരിച്ച ഖുറേഷി ആക്രമണം നടത്തിയ ഭീകരര്‍ക്ക് 51 കോടി രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

ഉത്തര്‍പ്രദേശ് പൊലീസ് ആണ് ഖുറേഷിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .

പ്രവാചകനെ നിന്ദിക്കുന്നത് മരണം ക്ഷണിച്ചുവരുത്തുന്ന പ്രവൃത്തിയാണെന്ന് പറഞ്ഞാണ് പാരിസ് ഭീകരാക്രമണത്തെ ഇയാള്‍ അനുകൂലിച്ചത്. ലോകത്തിന് സമാധാനത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കിയ പ്രവാചകനായ മുഹമ്മദിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള കാര്‍ട്ടൂണുകളാണ് ചാര്‍ളി എബ്ദോ മാസിക പ്രസിദ്ധീകരിച്ചതെന്നും ഖുറേഷി കുറ്റപ്പെടുത്തിയിരുന്നു.

ഉത്തര്‍പ്രദേശില്‍ മായാവതി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ഖുറേഷി. നേരത്തെയും സമാനതരത്തിലുള്ള പ്രസ്താവന ഇയാള്‍ നടത്തിയിട്ടുണ്ട്. പ്രവാചകനെക്കുറിച്ച് വിവാദ കാര്‍ട്ടൂണ്‍ വരച്ച ഡാനിഷ് കാര്‍ട്ടൂണിസ്റ്റിനെ വധിക്കുന്നവര്‍ക്ക് 51 കോടി രൂപ നല്‍കുമെന്ന് 2006ല്‍ മീററ്റിലെ ഒരു പൊതുറാലിയില്‍ വെച്ച് ഖുറേഷി പറഞ്ഞിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :