ഭാര്യയെ വധിച്ച ഇന്ത്യക്കാരന് 17 വര്‍ഷം തടവ്

മെല്‍ബണ്‍| WEBDUNIA| Last Modified ചൊവ്വ, 29 ജൂണ്‍ 2010 (11:59 IST)
ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഇന്ത്യക്കാരന് ഓസ്ട്രേലിയന്‍ കോടതി 17 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. മൊഹീന്ദര്‍ കൌറിനെ തടിക്കഷ്ണം കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സുഖ്‌മന്ദര്‍ സിംഗിനാണ് വിക്ടോറിയന്‍ സുപ്രീംകോടതി 17 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്.

തന്‍റെ ചെയ്തിയില്‍ കുറ്റവാളിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി ടെറി ഫോറസ്റ്റ് വെളിപ്പെടുത്തി. നിഡ്‌റിയിലെ ബൌള്‍വാര്‍ഡില്‍ 2009 മേയ് ഏഴിനാണ് കേസിനാസ്പദമായ സംഭവം.

മൊഹീന്ദര്‍ കൌറിനെ വര്‍ഷങ്ങളായി സുഖ്മന്ദര്‍ പീഡിപ്പിക്കുകയായിരുന്നു. ഭാര്യയില്‍ അവിഹിത ബന്ധങ്ങള്‍ ആരോപിച്ചായിരുന്നു പീഡനം. ഇവര്‍ക്ക് നാലുമക്കളുണ്ട്. ഒരു മകള്‍, സരബ്‌ജീത് കൌര്‍(21) മെല്‍ബണില്‍ പഠിക്കുകയാണ്. പീഡനം സഹിക്കാന്‍ കഴിയാതെ 2008ല്‍ ഇന്ത്യയില്‍ നിന്ന് മൊഹീന്ദര്‍ കൌര്‍ ഓസ്ട്രേലിയയില്‍ മകളുടെ അടുത്തേക്ക് പോകുകയായിരുന്നു.

പിന്നീട്, പഴയതൊന്നും ആവര്‍ത്തിക്കില്ലെന്ന ഉറപ്പിന്‍‌മേല്‍ സരബ്ജീത് പിതാവിനെയും മെല്‍‌ബണിലേക്ക് വിളിച്ചുവരുത്തി. ആദ്യമൊക്കെ നല്ല സ്വഭാവക്കാരനായി നടിച്ച സുഖ്മന്ദര്‍ സിംഗ് പിന്നീട് തനിസ്വഭാവം പുറത്തെടുത്തു. ഒരു വഴക്കിനൊടുവില്‍ തടിക്കഷ്ണം കൊണ്ട് അയാള്‍ ഭാര്യയെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :