ഭാര്യ കാരണം ഹെ‌ഡ്‌ലി ജയിലില്‍ കിടന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 31 ഒക്‌ടോബര്‍ 2010 (09:32 IST)
മുംബൈ ഭീകരാക്രമണം നടക്കുന്നതിന് മൂന്ന് മാസം മുമ്പ് ലഷ്കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരാഴ്ചയിലധികം ലാഹോറിലെ ജയിലില്‍ കഴിഞ്ഞിരുന്നു. ജൂണില്‍ എന്‍‌ഐ‌എ നടത്തിയ 34 മണിക്കൂര്‍ ചോദ്യം ചെയ്യലിലാണ് ഹെ‌ഡ്‌ലി ഇക്കാര്യം വെളിപ്പെടുത്തിയത്.

മൊറോക്കോകാരിയായ മൂന്നാം ഫൈസ ഔത്താലയുടെ പരാതിയെ തുടര്‍ന്നാണ് ലാഹോര്‍ പൊലീസ് ഹെഡ്‌ലിയെ അറസ്റ്റ് ചെയ്തത്. റേസ്കോഴ്സ് പൊലീസ് സ്റ്റേഷനില്‍ എട്ട് ദിവസം തടവിലായിരുന്ന ഹെഡ്‌ലിയെ ഷാസിയ ഗിലാനി എന്ന ഒന്നാം ഭാര്യയുടെ പിതാവ് ജാവെദ് അഹമ്മദാണ് ജാമ്യത്തില്‍ ഇറക്കിയത്.

തന്നെ നിയന്ത്രിച്ചിരുന്ന ഐഎസ്‌ഐ ഉദ്യോഗസ്ഥനായിരുന്ന മേജര്‍ ഇഖ്ബാലാണ് തന്നെ പുറത്തിറക്കാന്‍ വേണ്ട ചരടുവലികള്‍ നടത്തിയത് എന്നും ഹെ‌ഡ്‌ലി പറയുന്നു. കുടുംബ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസ ലഷ്കര്‍ തലവന്‍ ഹഫീസ് സയീദിനെ കണ്ടിരുന്നു. സയീദ് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് ലഷ്കര്‍ പദ്ധതിയെ ബാധിക്കുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയതിനാല്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടായില്ല എന്നും ഹെഡ്‌ലി പറയുന്നു.

ഫൈസ 2007 ഡിസംബറില്‍ ഹെ‌ഡ്‌ലിയുടെ ഭീകര ബന്ധത്തെ കുറിച്ചും ഇന്ത്യന്‍ യാത്രകളെ കുറിച്ചും ഇസ്ലാമബാദിലെ യുഎസ് എം‌ബസി ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു. ഹെഡ്‌ലിയുടെ ആദ്യ ഭാര്യ 2005 ല്‍ തന്നെ തന്റെ ഭര്‍ത്താവിനെ കുറിച്ച് എഫ്ബിഐ ഉദ്യോഗസ്ഥരോട് സംശയം പ്രകടിപ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :