ബോഫോഴ്സ്: സോണിയയെ രക്ഷിച്ചത് എന്‍ഡിഎ സര്‍ക്കാര്‍?

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ബോഫോഴ്സ് ആയുധ ഇടപാടിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മുന്‍ എന്‍ഡിഎ സര്‍ക്കാരിനുമെതിരെ ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. ബോഫോഴ്‌സ് കേസില്‍ സോണിയയെ ചോദ്യം ചെയ്യുന്നത് തടഞ്ഞത് എന്‍ഡിഎ സര്‍ക്കാര്‍ ആണെന്നാണ് സ്വാമി പറഞ്ഞത്.

ബോഫോഴ്‌സ് ഇടപാടില്‍ ഇടനിലക്കാരനായിരുന്ന ഒക്‌ടാവിയ ക്വത്‌റോച്ചിയെ മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി സംരക്ഷിച്ചിരുന്നുവെന്ന് ‍സ്വീഡീഷ്‌ മുന്‍ പൊലീസ്‌ തലവന്‍ സ്‌റ്റെന്‍ ലിന്‍ഡ്‌സ്ട്രോം ഒരു അഭിമുഖത്തിലൂടെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വ്യക്തമായ തെളിവുണ്ടായിട്ടും ക്വത്‌റോച്ചിയെ സംരക്ഷിക്കാനാണ് രാജീവ്‌ ഗാന്ധി ശ്രമിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.

ലിന്‍ഡസ്‌ട്രോമാണ് മുമ്പ് സോണിയയെ ചോദ്യം ചെയ്യാന്‍ അനുമതി തേടിയത്. എന്‍ഡിഎ ഭരണകാലത്ത് അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെയാണ് ഈ ആവശ്യവുമായി സമീപിച്ചത്. എന്നാല്‍ ഇതിന് അനുമതി നല്‍കാനാവില്ലെന്നാണ് എന്‍ഡിഎ സര്‍ക്കാര്‍ മറുപടി നല്‍കുകയായിരുന്നു എന്നും സ്വാമി പറയുന്നു.

ലിന്‍ഡ്‌സ്‌ട്രോം എഴുതിയ കത്തിന്റെ പകര്‍പ്പ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ടുജി സ്‌പെക്ട്രം കേസിലെ പോരാട്ടം പൂര്‍ത്തിയായാലുടന്‍ ബോഫോഴ്‌സുമായി കോടതിയെ സമീപിക്കുമെന്നും സ്വാമി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :