ബച്ചന്‍ ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍

മുംബൈ| WEBDUNIA|
PRO
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് വേണ്ടി തന്റെ ‘പാ’ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം ഒരുക്കി ദിവസങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചന്‍ ഗുജറാത്ത് സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവിലേക്ക് എത്തുന്നു. സംസ്ഥാനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിക്കുന്ന ഒരു പരസ്യ ചിത്രത്തില്‍ അമിതാഭും സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുജറാത്ത് വിനോദ സഞ്ചാരത്തെ ആഗോള സഞ്ചാരികളുടെ ലക്‍ഷ്യമാക്കി വളര്‍ത്തിയെടുക്കാനായുള്ള പരസ്യ ചിത്രത്തിലാണ് ബച്ചന്‍ സഹകരിക്കുക. ഇതിനായി അദ്ദേഹം തന്റെ ഡേറ്റുകള്‍ നല്‍കിക്കഴിഞ്ഞു എന്ന് ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മെയ് ഒന്നിനാണ് ഗുജറാത്ത് സുവര്‍ണ ജൂബിലി ആഘോഷം തുടങ്ങുന്നത്.

സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനായി തന്റെ ശബ്ദവും രൂപവും പ്രയോജനപ്പെടുത്തുന്നതില്‍ വിസമ്മതമില്ലെന്ന് ബച്ചന്‍ പറഞ്ഞിരുന്നു. ഗുജറാത്തില്‍ മോഡി സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചുകൊണ്ടായിരുന്നു അമിതാഭിന്റെ സംസാരം.

അമിതാഭിന്റെ വാഗ്ദാനം സ്വീകരിച്ചുകൊണ്ടും അദ്ദേഹത്തെ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചുകൊണ്ടും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി അദ്ദേഹത്തിന് കത്തെഴുതിയിരുന്നു. തന്നെ ബ്രാന്‍ഡ് അംബാസഡറാക്കിയതില്‍ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ബച്ചന്‍ ജനുവരി 26 ന് മോഡിക്ക് മറുപടി നല്‍കിയതായും വിശ്വസനീയ വൃത്തങ്ങള്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :