പ്രധാനമന്ത്രിയുടെ ഡോക്ടറേറ്റിന് എന്തു പറ്റി?

ചണ്ഡിഗഡ്| WEBDUNIA|
PRO
PRO
പഞ്ചാബ് യൂണിവേഴ്സിറ്റിക്ക് എന്നും അഭിമാനിക്കാന്‍ വക നല്‍കുന്നവിദ്യാര്‍ത്ഥിയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പ്രഗത്ഭരുടെ പട്ടിക അദ്ദേഹത്തിന്റെ പേരു കൂടി ചേര്‍ക്കാതെ പൂര്‍ത്തിയാവില്ല. അതുകൊണ്ട് തന്നെ നിയമത്തില്‍ അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കാനും യൂനിവേഴ്സിറ്റി മറന്നില്ല.

എന്നാല്‍ യൂനിവേഴ്സിറ്റി ഡോക്ടറേറ്റ് നല്‍കിയവരുടെ പട്ടികയില്‍ മന്‍മോഹന്‍ സിംഗിന്റെ പേരില്ല എന്നതാണ് വിചിത്രമായ കാര്യം. രജീന്ദര്‍ കെ സിംഗ്ള വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്കുള്ള മറുപടിയിലൂടെയാണ് ഇക്കാര്യം വെളിപ്പെട്ടത്. 1949 മുതലുള്ള ഡോക്ടറേറേറ്റ് ബിരുദധാരികളുടെ പട്ടികയാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ചത്. ഇതുവരെ 74 പേര്‍ക്കാണ് ആദരസൂചകമായി ഡോക്റ്ററേറ്റ് നല്‍കിയിട്ടുളളതെന്ന് പട്ടിക പറയുന്നു.

2009 നവം‌ബര്‍ മൂന്നിനാണ് മന്‍മോഹന്‍ സിംഗിന് ഡോക്ടറേറ്റ് നല്‍കിയതെന്നിരിക്കെ അദ്ദേഹത്തിന്റെ പേരും പട്ടികയില്‍ ഉണ്ടാവേണ്ടതാണ്. 1983 മാര്‍ച്ച് 12-ന് മന്‍മോഹന് ഡിലിറ്റ് ബിരുദം നല്‍കിയതായി രേഖയില്‍ പറയുന്നുമുണ്ട്. എന്നാല്‍ മറുപടിയില്‍ പിശക് സംഭവിച്ചതാണെന്നാണ് യൂനിവേഴ്സിറ്റി രജിസ്ട്രാര്‍ എ കെ ഭണ്ഡാരിയുടെ വിശദീകരണം.

അതേസമയം നിയമത്തിലെ ഡോക്ടറേറ്റിന്റെ കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റും മൌനം പാലിക്കുകയാണ്. അദ്ദേഹത്തിന് ലഭിച്ച ബാക്കി ബഹുമതികള്‍ എല്ലാം വെബ്സൈറ്റില്‍ ഉണ്ട്. ഇക്കാര്യത്തില്‍ ദുരൂഹതയുണ്ടെന്ന് സിംഗ്ള ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :