ന്യൂഡല്‍ഹി|
Harikrishnan|
Last Modified ചൊവ്വ, 29 ഏപ്രില്‍ 2014 (12:25 IST)
പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ഓഫീസില്‍ ഇന്നു രാവിലെയുണ്ടായ തീപിടുത്തത്തില്‍ ദുരൂഹതയെന്ന് റിപ്പോര്‍ട്ട്. തീപിടുത്തത്തില്‍ നാശനഷ്ടങ്ങളൊന്നും ഇല്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് ആദ്യം പുറത്തുവിട്ട വിവരം. എന്നാല്‍ സംഭവത്തില്‍ ഏതാനും കമ്പ്യൂട്ടറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന വിവരം പുറത്തു വന്നതാണ് പുതിയ സംശയങ്ങള്‍ക്ക് കാരണം.
കല്‍ക്കരി അഴിമതിയിലെ ഉള്‍പ്പെടെ നിരവധി സുപ്രധാന കേസുകളിലെയും നിര്‍ണായക ഫയലുകള്‍ സൂക്ഷിച്ചിരിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിലാണ്. സര്‍ക്കാറിന്റെ കാലാവധി തീരാന്‍ പോകുന്ന സാഹചര്യത്തില്‍ ഓഫീസിലെ തീപിടുത്തത്തില്‍ കമ്പ്യൂട്ടറുകള്‍ക്ക് തകരാറുണ്ടായതാണ് ദുരൂഹതയുണ്ടാക്കുന്നത്.
അതേസമയം, തീപിടുത്തത്തില്‍ എത്ര കമ്പ്യുട്ടറുകള്‍ക്ക് തകരാര്‍ സംഭവിച്ചെന്നോ ഏതെങ്കിലും ഫയലുകള്‍ നഷ്ടപ്പെട്ടോ എന്ന കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഡല്‍ഹി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരിശോധന നടത്തി വരികയാണ്.