ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിയാകാന്‍ യോഗ്യരല്ലെന്ന് മുന്‍ ബിജെപി സൈദ്ധാന്തികന്‍ കെ എന്‍ ഗോവിന്ദാചാര്യ. ജാര്‍ഖണ്ഡിലെ ജംഷഡ്പുരില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിന് മുമ്പ് മോഡി അതിനുള്ള യോഗ്യത ആര്‍ജ്ജിക്കണം. ഉന്നത തലങ്ങളിലെ അധികാരത്തെക്കുറിച്ച് മോഡി സൂക്ഷ്മമായി പഠിക്കേണ്ടതുണ്ട്. അനുഭവസമ്പത്ത് ഇലാത്തതാണ് രാഹുല്‍ ഗാന്ധിയുടെ പോരായ്മ. കോണ്‍ഗ്രസ് നേതാക്കളായ ദിഗ് വിജയ് സിംഗ്, എ കെ ആന്റണി തുടങ്ങിയ നേതാക്കളില്‍ നിന്നും രാഹുല്‍ രാഷ്ട്രീയം പഠിക്കണമെന്നും ഗോവിന്ദാചാര്യ അഭിപ്രായപ്പെട്ടു.
മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയെ പ്രശംസിക്കുകയും ചെയ്തു ഗോവിന്ദാചാര്യ. എല്‍ കെ അദ്വാനിക്ക് ബിജെപിയില്‍ കൂടുതല്‍ അര്‍ഹമായ സ്ഥാനം നല്‍കണം. അധികാരമോഹിയല്ല, ദേശഭക്തിയുള്ള ആളാണ് അദ്വാനിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ അദ്വാനി ബിജെപിയിലെ ഒരു വിഭാഗത്തെ കൂട്ടുപിടിച്ച് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഗോവിന്ദാചാര്യയുടെ പ്രതികരണം.