പ്രധാനമന്ത്രി രാജിവയ്ക്കും വരെ പാര്‍ലമെന്റ് സ്തംഭിപ്പിക്കും: ബിജെപി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലെ ക്രമക്കേട് മൂലം 1.86 ലക്ഷം കോടി രൂപയുടെ നഷ്‌ടമുണ്ടായെന്ന സിഎജി റിപ്പോര്‍ട്ടിനെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളും ബുധനാഴ്ചയും സ്തംഭിച്ചു. ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് രാജിവയ്ക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചെങ്കിലും പ്രതിപക്ഷം അതിനോട് സഹകരിക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇരുസഭകളും ബഹളമയമാകുന്നത്.

പ്രധാനമന്ത്രി രാജിവയ്ക്കും വരെ പാര്‍ലമെന്റ് സ്തംഭിപ്പിക്കും എന്നാണ് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്. രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം അറിയിച്ചത്. 2010-ല്‍ ടുജി സ്പെക്ട്രം അഴിമതി പുറത്തുവന്നപ്പോള്‍ ബിജെപിയുടെ സമ്മര്‍ദ്ദഫലമായാണ് എ രാജയെ ടെലികോം മന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്പ്പിച്ചത്. അത് ഇത്തവണയുടെ ആവര്‍ത്തിക്കും എന്ന് ജെയ്റ്റ്ലി പ്രതീക്ഷ പ്രകടിപ്പിച്ചു.

കല്‍ക്കരി കുംഭകോണം ഒറ്റപ്പെട്ട സംഭവമല്ല. യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ നാള്‍ മുതല്‍ അഴിമതി ആരോപണങ്ങള്‍ തുടര്‍ക്കഥയാകുകയാണെന്നും ബിജെപി രാജ്യസഭാ കക്ഷി ഉപനേതാവ്‌ രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു. ടുജി സ്‌പെക്‌ട്രം അഴിമതി, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതി, എയര്‍പോര്‍ട്ടുകളിലെ പൊതു-സ്വകാര്യ പങ്കാളിത്തം തുടങ്ങി അഴിമതികള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സര്‍ക്കാര്‍ പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :