പ്രതിപക്ഷ ബഹളം പാര്‍ലമെന്റ് സ്തംഭിച്ചു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 27 ഏപ്രില്‍ 2010 (12:25 IST)
PRO
ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം. ടെലഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെ കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ ആവശ്യം സഭയ്ക്ക് പുറത്തുവച്ച് പ്രധാനമന്ത്രി നിരാകരിച്ചതിനെ ബിജെപി നേതാവ് സുഷമ സ്വരാജ് ലോക്സഭയില്‍ ചോദ്യം ചെയ്തു.

പാര്‍ലമെന്ററി സമിതി അന്വേഷണം വേണ്ടെന്ന് പറഞ്ഞ സിംഗ് കുറ്റം ചെയ്തവര്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്ന് സുഷമസ്വരാജ് ആരോപിച്ചു. അഖിലേന്ത്യ ഹര്‍ത്താലായതിനാല്‍ സഭ നടത്തിക്കൊണ്ടു പോകാന്‍ അനുവദിക്കില്ല എന്നായിരുന്നു ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെയും മറ്റ് ഹര്‍ത്താല്‍ അനുകൂലികളുടെയും നിലപാട്.

എന്നാല്‍, സുഷമസ്വരാജിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ പറഞ്ഞു. രാജ്യസഭയിലും പ്രതിപക്ഷാംഗങ്ങള്‍ പ്രക്ഷുബ്ധമായ രംഗങ്ങളാണ് കാഴ്ചവച്ചത്. ബഹളത്തെ തുടര്‍ന്ന് ലോക്സഭ 2 മണിവരെ നിര്‍ത്തി വച്ചു.

അതേസമയം, ധനബില്ല് പാസാക്കുന്നതിനെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന ഖണ്ഡന പ്രമേയം പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ അഭിപ്രായ സമന്വയമില്ലാത്തതു കാരണം പരാജയപ്പെടുത്താനാവുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ. ബി എസ് പി യുപി‌എ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം, ഇപ്പോള്‍ മന്മോഹന്‍ സിംഗ് സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപിക്ക് ഒപ്പം നില്‍ക്കേണ്ട എന്ന് എസ്പിയും ആര്‍ജെഡിയും തീരുമാനിച്ചു. ഇത്തരത്തില്‍, ഖണ്ഡന പ്രമേയത്തെ അനുകൂലിക്കുന്നവര്‍ക്കിടയില്‍ ഉണ്ടായ വ്യക്തമായ അഭിപ്രായ വ്യത്യാസം തുണയാവുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :