പ്രണയിനിയെ സഹോദരിയാക്കാന്‍ അടി !

ലക്നൌ| WEBDUNIA| Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2009 (14:33 IST)
കമിതാക്കളുടെ മുഖത്ത് ചെരിപ്പുകൊണ്ട് അടിച്ച് പ്രണയം അവസാനിപ്പിക്കുക. സഹോദരീസഹോദരന്മാരായി ജീവിക്കാമെന്ന് നാട്ടുകാരുടെ മുന്നില്‍ പ്രതിജ്ഞ ചെയ്യിക്കുക, ഇതെല്ലാം കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമ പഞ്ചായത്തില്‍ നടന്നതാണ്.

ബുധനാഴ്ച രാത്രി ബിജ്നൂര്‍ ജില്ലയിലെ കുക്ര ഗ്രാമത്തിലാണ് വിചിത്രമായ ശിക്ഷാ നടപടികള്‍ക്ക് വേദിയൊരുങ്ങിയത്. പിന്റൂ ശര്‍മ്മ എന്ന 30 കാരനെയും 28 കാരിയായ പ്രണയിനിയെയും ‘അനധികൃത’ പ്രണയത്തിന്റെ പേരില്‍ ഗ്രാമപഞ്ചായത്ത് വിളിച്ചു വരുത്തി. ആദ്യം ഇവരോട് പരസ്പരം ചെരിപ്പ് ഊരി മുഖത്ത് അടിക്കാന്‍ ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു. എന്നാല്‍, അവര്‍ വിസമ്മതം കാട്ടിയപ്പോള്‍ ഗ്രാമവാസികള്‍ തന്നെ ആ ദൌത്യം ഏറ്റെടുത്തു, ഇരുവരെയും ചെരിപ്പൂരി ആവശ്യത്തിന് തല്ലി !

ഇതുകൊണ്ടും ശിക്ഷ അവസാനിച്ചില്ല. ശര്‍മ്മയോട് തന്റെ പ്രണയിനിയെ മൂത്ത സഹോദരിയായി കണക്കാക്കി അവരുടെ കാലില്‍ തൊട്ട് വന്ദിക്കാന്‍ ആവശ്യപ്പെട്ടു. അതിനുശേഷം, പെണ്‍കുട്ടിയെക്കൊണ്ട് ശര്‍മ്മയുടെ കൈയ്യില്‍ രാഖി ബന്ധിപ്പിക്കുകയും ചെയ്തു. ഇതും പോരാഞ്ഞ്, ഇരുവരും വെവ്വേറെ ഗ്രാമത്തില്‍ താമസിച്ചാല്‍ മതിയെന്നും ഗ്രാമപഞ്ചായത്ത് ഉത്തരവിട്ടു.

ബുധനാഴ്ച വൈകിട്ട് ശര്‍മ്മയെയും കാമുകിയെയും ഒരു പാര്‍ക്കില്‍ വച്ച് ചില ഗ്രാമീണര്‍ കണ്ടതാണ് പ്രശ്നമായത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :