പ്രണബ് പടിയിറങ്ങി; ഇനി പുതിയ യാത്ര

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി രാജിവച്ചു. യു പി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്നാണ് പ്രണബിന്റെ രാജി.

നാല് പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചാണ് പ്രണബ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തിയാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്.

രാഷ്ട്രപതി സ്ഥാനാര്‍ഥി എന്ന നിലയില്‍ ലഭിക്കുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് പ്രണബ് മാധ്യമങ്ങളോട് പറഞ്ഞു. താന്‍ പുതിയ യാത്രയ്ക്ക് തയ്യാറായിക്കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

പ്രണബിന് പകരം പുതിയ ധനമന്ത്രി ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്. ധനവകുപ്പ് പ്രധാനമന്ത്രി തന്നെ കൈകാര്യം ചെയ്യും. അടുത്ത പൊതുബജറ്റും പ്രധാനമന്ത്രി തന്നെയായിരിക്കും അവതരിപ്പിക്കുക.

77-കാരനാണ് പ്രണബ്. അധ്യാപകന്‍, മാധ്യമപ്രവര്‍ത്തകന്‍ തുടങ്ങിയ ജോലികള്‍ മാറ്റിവച്ചാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. തത്രശാലിയും കഴിവുറ്റ നയതന്ത്രജ്ഞനുമായ പ്രണബ് പ്രതിസന്ധി ഘട്ടങ്ങളില്‍ എന്നും കോണ്‍ഗ്രസിന് തുണയായി നിന്നയാളാണ്. പ്രതിരോധം, വിദേശകാര്യം, ധനകാര്യം എന്നീ സുപ്രധാന വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. രാജിവച്ചാല്‍ പ്രണബിന്റെ അഭാവം പ്രകടമാകും എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടതും അതുകൊണ്ട് തന്നെ.

ബംഗാള്‍ സ്വദേശിയായ അദ്ദേഹം 1969-ല്‍ ആണ് ആദ്യമായി രാജ്യസഭയില്‍ എത്തുന്നത്. ഇടതു കോട്ടയായ ബംഗാളില്‍ നിന്ന് പിന്നെയും രാജ്യസഭയില്‍ എത്തിയ അദ്ദേഹം 2004-ല്‍ ആണ് ലോക്സഭാംഗമാകുന്നത്.

ഇന്ദിരാഗാന്ധിയുടെ മരണശേഷം പ്രണബ് പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ രാജീവ് ഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് എണ്‍പതുകളില്‍ അദ്ദേഹം പാര്‍ട്ടി വിട്ടു. വൈകാതെ പാര്‍ട്ടിയില്‍ തിരിച്ചെത്തിയ അദ്ദേഹം പി വി നരസിംഹ റാവുവിന്റെ കാലത്ത് ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷനായി.

1982-ല്‍ പ്രണബ് ധനമന്ത്രിയായിരുന്ന കാലത്ത് മന്‍‌ന്മോഹന്‍ സിംഗ് ആര്‍ബിഐ ഗവര്‍ണര്‍ ആയിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ കോണ്‍ഗ്രസിന് തുണയായ പ്രണബ് രണ്ട് തവണ പ്രധാനമന്ത്രി പദത്തിന് തൊട്ടരികില്‍ എത്തിയെങ്കിലും ഭാഗ്യം അദ്ദേഹത്തെ തുണച്ചില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :