മന്‍മോഹന്‍ സിംഗും ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബോയുമായി ഹനോയില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ അപേക്ഷകര്‍ക്ക് ചൈന പേപ്പര്‍ വിസ നല്‍കുന്ന പ്രശ്നവും സാമ്പത്തിക വിഷയങ്ങളും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ പത്താം തവണയും ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടക്കുന്നതില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സന്തുഷ്ടി പ്രകടിപ്പിച്ചു. ജമ്മു കശ്മീരില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ചൈന വിസ സ്റ്റാപ്പിള്‍ ചെയ്ത് നല്‍കുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യയും ചൈനയുമായുള്ള ഉന്നത തല ചര്‍ച്ച ജൂലൈ മുതല്‍ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ചൈന പാസ്പോര്‍ട്ടില്‍ വിസ പതിച്ചു നല്‍കുമ്പോള്‍ കശ്മീര്‍ തര്‍ക്കപ്രദേശമാണെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ നിന്നുള്ളവര്‍ക്ക് പേപ്പര്‍ വിസ നല്‍കുന്നത്. ഇത് സ്വയംഭരണാവകാശത്തിനു നേര്‍ക്കുള്ള വെല്ലുവിളിയാണെന്നാണ് ഇന്ത്യ കരുതുന്നത്.
ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനീസ് പ്രധാനമന്ത്രി ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. വെന്‍ ജിയാബൊ ഡിസംബര്‍ 16 ന് ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്.
ഇരു രാജ്യങ്ങള്‍ക്കും വളരുന്നതിന് ലോകത്തില്‍ മതിയായ സ്ഥലമുണ്ട് എന്നും അതിനായി പരസ്പര സഹകരണം വളര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും ചൈനീസ് പ്രധാനമന്ത്രി പറഞ്ഞു.