പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
പെട്രോളിന് ലിറ്ററിന് രണ്ട് രൂപയും ഡീസലിന് ഒരു രൂപയും വര്‍ദ്ധിപ്പിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്‌ച തീരുമാനിച്ചു. മന്ത്രി തല സമിതി യോഗമാണ് ഈ തീരുമാനമെടുത്തത്.

നേരത്തെ, ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് നിരവധി തവണ യോഗം ചേര്‍ന്നുവെങ്കിലും തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു.

പുതിയ വില വര്‍ദ്ധനവ് വ്യാഴാഴ്ച അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇന്ധന വില വര്‍ദ്ധനവ് നടപ്പിലാക്കണമെന്ന് എണ്ണക്കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് വില വര്‍ദ്ധനവ്. ഇന്ധന വില വര്‍ദ്ധനവ് നടപ്പാക്കാത്തതു മൂലം എണ്ണ കമ്പനികള്‍ കനത്ത നഷ്‌ടം നേരിട്ടിരുന്നു.

പൊതുബഡ്‌ജറ്റിനു മുമ്പ് ഇന്ധന വില വര്‍ദ്ധനവ് നടപ്പിലാക്കില്ലെന്ന് സൂചനയുണ്ടായിരുന്നു. 2006 ജൂണില്‍ അസംസ്‌കൃത എണ്ണയ്‌ക്ക് ബാരലിന് 67 ഡോളര്‍ ആയിരുന്നപ്പോഴാണ് ഇന്ധന വില അവസാനമായി കൂട്ടിയത്. ഇപ്പോള്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 92 ഡോളറാണ്.

അതേസമയം വില വര്‍ദ്ധനവിനെതിരെ ഇടതുപക്ഷം കനത്ത പ്രക്ഷോഭം നടത്തുമെന്നാണ് സൂചന. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ച് വില വര്‍ദ്ധനവ് ഒഴിവാക്കണമെന്നാണ് അവരുടെ ആവശ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :