പി‌എം‌കെ ജയലളിതയ്ക്കൊപ്പം

ന്യൂഡല്‍ഹി| PRATHAPA CHANDRAN| Last Modified വ്യാഴം, 26 മാര്‍ച്ച് 2009 (13:37 IST)
കേന്ദ്ര ഭരണ മുന്നണിയായ യുപി‌എയിലെ പ്രധാന കക്ഷികളില്‍ ഒന്നായ പട്ടാളിമക്കള്‍ കച്ചി (പി‌എം‌കെ) മുന്നണി വിട്ട് ജയലളിതയുടെ എഐഡി‌എംകെ സഖ്യത്തില്‍ ചേര്‍ന്നു. വ്യാഴാഴ്ച ചേര്‍ന്ന പി‌എം‌കെ ജനറല്‍ ബോഡി യോഗത്തിനു ശേഷമാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ എഐഡി‌എം‌കെയോട് ചേര്‍ന്ന് നേരിടുമെന്ന പ്രഖ്യാപനം ഉണ്ടായത്.

തമിഴ്നാട്ടില്‍ ഡി‌എം‌കെയുമായി ഉള്ള അഭിപ്രായ വ്യത്യാസമാണ് പാര്‍ട്ടി തലവന്‍ എസ് രാമദോസിനെ എഐ‌ഡി‌എംകെ പക്ഷത്ത് എത്തിച്ചത്. ഇതോടെ കേന്ദ്രം ഭരിക്കുന്ന യുപി‌എ സര്‍ക്കാരിന് തമിഴ്നാട്ടില്‍ നിന്നുള്ള നിര്‍ണായക പിന്തുണ നഷ്ടമായിരിക്കുകയാണ്.

ഒരു വര്‍ഷം മുമ്പ് തന്നെ തമിഴ്നാട്ടിലെ ഭരണ മുന്നണിയില്‍ നിന്ന് പി‌എം‌കെ വിട്ടു നില്‍ക്കുകയാണ്. ശ്രീലങ്കന്‍ പ്രശ്നത്തില്‍ പി‌എം‌കെയ്ക്ക് ആത്മാര്‍ത്ഥമായ ഉത്കണ്ഠ ഇല്ല എന്ന് കഴിഞ്ഞ ദിവസം കരുണാനിധി നടത്തിയ പ്രസ്താവന ഇരു പാര്‍ട്ടികള്‍ക്കിടയിലുള്ള അകലം കൂട്ടുകയായിരുന്നു. പി‌എം‌കെയെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ അവസാ‍ന ശ്രമവും പരാജയപ്പെട്ടിരുന്നു.

പി‌എം‌കെ 2001 ല്‍ എന്‍ഡി‌എ സഖ്യത്തിനൊപ്പമായിരുന്നു. 2004 ല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഡി‌എംകെ സഖ്യത്തിലേക്ക് കളം മാറ്റി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :