ഇന്ത്യയുടെ വിദൂരസംവേദന ഉപഗ്രഹമായ റിസോഴ്സ് സാറ്റ് 2 ഉള്‍പ്പെടെ മൂന്ന് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി പതിനാറ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നു. ദൌത്യം വിജയകരമാണെന്ന് ഐ എസ് ആര് ഒ വ്യക്തമാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശഗവേഷണകേന്ദ്രത്തില് നിന്ന് ബുധനാഴ്ച രാവിലെ 10:12-നാണ് പി എസ് എല്‍ വി വിക്ഷേപിച്ചത്. തുടര്‍ച്ചയായ രണ്ട് വിക്ഷേപണപരാജയങ്ങളുടെ കളങ്കം മായ്ക്കാനാണ് ഐ എസ് ആര് ഒ ഈ ദൌത്യത്തിലൂടെ ശ്രമിക്കുന്നത്.
രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങളുടെ ഭൂപടനിര്മിതിക്ക് സഹായകരമാവുന്നതാണ് റിസോഴ്സ് സാറ്റ് 2. ഇതോടൊപ്പം ഇന്തോ-റഷ്യന്‍ സംയുക്ത നിര്‍മിതിയായ യൂത്ത് സാറ്റ് , സിംഗപ്പൂരിലെ നാംഗ്യാങ് സര്‍വകലാശാലയില്‍ നിന്നുള്ള എക്സ് സാറ്റ് എന്നീ ഉപഗ്രഹങ്ങളും വിക്ഷേപിച്ചു.
നക്ഷത്രങ്ങളെക്കുറിച്ചും അന്തരീക്ഷത്തിലെ സൂക്ഷ്മവസ്തുക്കളെക്കുറിച്ചുമുള്ള പഠനത്തിനായാണ് യൂത്ത് സാറ്റ് ഉപയോഗപ്പെടുത്തുക.
ഇന്ത്യയുടെ ഏറ്റവും വിശ്വസനീയ വിക്ഷേപണവാഹനമായ പിഎസ്എല്‍വിയുടെ പതിനെട്ടാമത് വിക്ഷേപണമാണിത്.