പാക് ബന്ധത്തിനു മധ്യവര്‍ത്തി- വീണ്ടും തരൂര്‍ വിവാദം

റിയാദ്| WEBDUNIA|
PRO
ഇന്തോ-പാക് ബന്ധത്തില്‍ ഒരു മധ്യവര്‍ത്തിയാകാന്‍ സൌദിക്ക് കഴിയുമെന്ന് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍. പാകിസ്ഥാനുമായുള്ള ബന്ധത്തില്‍ സൌദി മധ്യവര്‍ത്തിയാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചതിലൂടെ തരൂര്‍ വീണ്ടുമൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

ഇന്ത്യ-പാക് ബന്ധത്തില്‍ ഒരു മധ്യവര്‍ത്തി വേണമെന്ന് ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ നേതാവ് അഭിപ്രായപ്പെടുന്നത്. ഇതുവരെ പിന്തുടര്‍ന്ന വിദേശകാര്യ നയത്തില്‍ നിന്നുള്ള പ്രകടമായ വ്യതിചലനമാണ് തരൂരിന്റെ പ്രസ്താവന.

ഇന്തോ-പാക് ബന്ധത്തില്‍ മൂന്നാമതൊരു കക്ഷിയുടെ ആവശ്യമില്ല എന്നതാണ് ഇന്ത്യന്‍ നിലപാട്. ഉഭയകക്ഷി പ്രശ്നങ്ങളില്‍ അമേരിക്കന്‍ മാധ്യസ്ഥത വേണമെന്ന് പാകിസ്ഥാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ട് എങ്കിലും അതിനെ ശക്തിയുക്തം എതിര്‍ത്തിരുന്നു.

സൌദിയും പാകിസ്ഥാനുമായുള്ള ദീര്‍ഘകാല ബന്ധം ചൂണ്ടിക്കാട്ടിയാണ് തരൂര്‍ വിവാദ അഭിപ്രായ പ്രകടനം നടത്തിയത്. സൌദി അറേബ്യക്ക് പാകിസ്ഥാനുമായി വര്‍ഷങ്ങളായി അടുത്ത ബന്ധമുണ്ട്. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സൌദിയെ മൂല്യമുള്ള മധ്യവര്‍ത്തിയാക്കുന്നു. പാകിസ്ഥാനില്‍ നിന്ന് ഉണ്ടാവുന്ന ഭീകര പ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഇന്ത്യ സൌദിയുടെ സഹായം തേടുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു തരൂര്‍.

സൌദി അറേബ്യയ്ക്കും അല്‍-ക്വൊയ്ദ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതെ കുറിച്ച് സൃഷ്ടിപരമായ ഒരു ചര്‍ച്ച നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഭീകരത ഇറാഖിലേക്കും ലബനനിലേക്കും പാലസ്തീനിലേക്കും പടര്‍ന്ന് ഏറ്റവും അവസാനം യെമെനനിലും എത്തിച്ചേര്‍ന്നിരിക്കുന്നു എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :