പബ് വിവാദം: ഗെഹ്‌ലോട്ടിന് അടിതെറ്റി

WEBDUNIA|
മംഗലാപുരത്ത് പബില്‍ കയറി പെണ്‍‌കുട്ടികളെ ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് കോണ്‍‌ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ട് നടത്തിയ പ്രസ്താവന വന്‍ വിവാദത്തിന് വഴിവയ്ക്കുന്നു. പെണ്‍കുട്ടികള്‍ പബുകളില്‍ പോകുന്നതു നാടിന്റെ സംസ്കാരത്തിനു ചേര്‍ന്നതല്ലെന്നാണ് ഗെഹ്‌ലോട്ട് പറഞ്ഞത്.

ശ്രീ രാമ സേനയുടെ ‘സദാചാര പൊലീസ്’ റോളിനെ പിന്തുണയ്ക്കുന്നതാണ് ഗെഹ്‌ലോട്ടിന്റെ പ്രസ്താവനയെന്ന് വിവിധ രാഷ്ട്രീയ കക്ഷികളും കോണ്‍‌ഗ്രസിലെ ചില നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. യദ്യൂരപ്പയുടെ ബിജെപി സര്‍ക്കാരിനെ ആക്രമിക്കാന്‍ കിട്ടിയ വടിയെ പൂമാലയാക്കി മാറ്റുകയാണ് ഗെഹ്‌ലോട്ട് ചെയ്തതെന്നാണ് കോണ്‍‌ഗ്രസ് നേതൃത്വം വിശ്വസിക്കുന്നത്.

പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് മറ്റൊരു പ്രസ്താവന ഇറക്കിയിരിക്കുകയാണ്. സ്കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും അരികില്‍ മദ്യഷാപ്പുകള്‍ ഉള്ള സ്ഥിതിയാണുള്ളതെന്നും അതിനൊരു അറുതി വരുത്തണമെന്നുമാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടതെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍‌കുന്ന ന്യായീകരണം.

ശ്രീരാം സേന നടത്തിയ അക്രമത്തിനെ ഒരിക്കലും ഗെഹ്‌ലോട്ട് ന്യായീകരിച്ചിട്ടില്ല എന്നും ചില മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍‌കിയ പത്രക്കുറിപ്പില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :