തുടര്‍ച്ചയായ പത്താം ദിവസവും ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും തടസ്സപ്പെട്ടു. ലോക്സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിയുന്നതായി അധ്യക്ഷന്മാര് പ്രഖ്യാപിച്ചു.
വ്യാഴാഴ്ച പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനു മുമ്പ് സമാജ്വാദി പാര്‍ട്ടി അംഗങ്ങള്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് ധര്‍ണ്ണ നടത്തിയിരുന്നു. തുടര്‍ന്ന്, ലോക്സഭയും രാജ്യസഭയും 11 മണിക്ക് സമ്മേളിച്ചപ്പോള്‍ തന്നെ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ സഭാ നടപടികള്‍ തടസ്സപ്പെടുത്തി.
ബഹളം കാരണം ഇരു സഭകളും 12 മണി വരെ നിര്‍ത്തി വച്ചു. വീണ്ടും 12 മണിക്ക് സഭ സമ്മേളിച്ചപ്പോഴും അന്തരീക്ഷം വ്യത്യസ്തമായിരുന്നില്ല. ജെപിസി അന്വേഷണം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന പ്രതിപക്ഷ നിലപാട് ശക്തമായതിനെ തുടര്‍ന്ന് തുടര്‍ച്ചയായ പത്താം ദിവസവും കാര്യമായ നടപടികളിലേക്ക് കടക്കാതെ ഇരു സഭകളും പിരിയുകയായിരുന്നു.
2ജി അഴിമതി പ്രശ്നത്തില്‍ ജെപിസി അന്വേഷണം ആവശ്യമില്ല എന്നും പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കില്ല എന്നും സമ്മേളനം തുടങ്ങുന്നതിനു മുമ്പ് തന്നെ സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ അറിയിച്ചിരുന്നു. പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം പ്രതിപക്ഷത്തിനാണെന്ന നിലപാടാണ് ഭരണപക്ഷത്തിന്റേത്.
ജെപിസി അന്വേഷണം നടത്താമെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ് എത്തിയിരുന്നു എങ്കിലും പിന്നീട് ചുവടുമാറ്റുകയായിരുന്നു. അഴിമതിയാരോപണ വിധേയനായ യദ്യൂരപ്പയെ തുടരാന്‍ അനുവദിച്ച ബിജെപിക്ക് ജെപിസി അന്വേഷണം ആവശ്യപ്പെടാനുള്ള അവകാശമില്ല എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.