പണിയില്ലെന്ന് സഹമന്ത്രിമാരുടെ പരാതി!

ന്യൂഡല്‍ഹി| WEBDUNIA|
യുപി‌എ കാബിനറ്റ് ഇപ്പോള്‍ ഒരു ജനാധിപത്യ പ്രശ്നത്തെ നേരിടുകയാണ്. മുതിര്‍ന്ന മന്ത്രിമാര്‍ തങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വമൊന്നും നല്‍കുന്നില്ല എന്ന സഹമന്ത്രിമാരുടെ മുറവിളിയാണ് സര്‍ക്കാരിന്റെ മുന്നിലുള്ള പ്രശ്നം. പരാതിക്ക് പരിഹാരം കാണാനായി സഹമന്ത്രിമാരുമായി പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് ഇന്ന് ചര്‍ച്ച നടത്തും.

മന്‍‌മോഹന്‍സിംഗ് മന്ത്രിസഭയില്‍ 38 കാബിനറ്റ് സഹമന്ത്രിമാരാണ് ഉള്ളത്. ഇവര്‍ക്ക് ഇതുവരെയായും പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങള്‍ ഒന്നും നല്‍കാന്‍ കഴിയാഞ്ഞതാണ് പ്രതിഷേധത്തിനു കാരണമായത്.

തങ്ങള്‍ക്ക് മുതിര്‍ന്ന മന്ത്രിമാര്‍ ഉത്തരവാദിത്വങ്ങളൊന്നും നല്‍കാത്തത് സഹമന്ത്രിമാരില്‍ ആശങ്ക പരത്തുന്നുണ്ട്. സഹമന്ത്രിമാര്‍ക്ക് പ്രത്യേക ജോലിയൊയൊന്നുമില്ല എന്നത് പരസ്യമായ രഹസ്യമാണെന്നാണ് കേന്ദ്ര നഗരവികസന സഹമന്ത്രി സൌഗത റോയി ഇതെക്കുറിച്ച് പ്രതികരിച്ചത്.

സഹമന്ത്രിമാരെ ഭാവിയിലെ മികച്ച മന്ത്രിമാരാക്കി മാറ്റുന്നതിന് അവര്‍ക്ക് വലിയ ഉത്തരവാദിത്വങ്ങള്‍ നല്‍കണമെന്നാണ് പ്രധാനമന്ത്രിയുടെയും യുപി‌എ അധ്യക്ഷ സോണിയ ഗാന്ധിയുടെയും ആഗ്രഹമെന്നിരിക്കെ, പ്രധാനമന്ത്രി പരാതിയെ ഗൌരവമായി കാണുമെന്നാണ് സൂചന. പരാതിയുമായി സഹമന്ത്രിമാര്‍ പ്രധാനമന്ത്രിയുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു എങ്കിലും എല്ലാവരും ഒരുമിച്ച് ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത് ഇതാദ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :