നേതാക്കള്‍ പീഡിപ്പിച്ചെന്ന് വനിതാ സഖാവ്!

ന്യൂഡല്‍‌ഹി| WEBDUNIA|
PRO
മാവോയിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളില്‍ പലരും തന്നെ മാനഭംഗപ്പെടുത്തിയെന്ന് ഉമയെന്നും ശിഖയെന്നും അറിയപ്പെടുന്ന വനിതാ മാവോയിസ്റ്റ് നേതാവ് ശോഭാ മാന്‍ഡി (23) ആരോപിച്ചിരിക്കുന്നു. മാവോയിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ താന്‍ പതിനേഴ് വയസ് തൊട്ട് പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും ഇരുപത്തിമൂന്നുകാരിയായ ശോഭ പറഞ്ഞു. ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍‌കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

“ക്യാമ്പില്‍ നേതാക്കള്‍ നടത്തുന്ന മാനഭംഗം സഹിക്കാന്‍ കഴിയാതെയാണ് ഞാന്‍ പാര്‍ട്ടി വിട്ട് ഒളിച്ചോടിയത്. നക്സലൈറ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞ്, ജാര്‍ഖണ്ഡിലെ വനപ്രദേശത്തു രാത്രി ഡ്യൂട്ടിയിലായിരുന്ന എന്നെ ഇപ്പോള്‍ സ്റ്റേറ്റ് മിലിട്ടറി കമ്മീഷന്റെ തലവനായ ബികാഷ് മാനഭംഗപ്പെടുത്തി. അന്ന് പതിനേഴ് വയസായിരുന്നു പ്രായം. മാവോയിസ്റ്റ് ഉന്നത നേതാവ് കിഷന്‍ജിയുടെ വിശ്വസ്തനും കേന്ദ്ര കമ്മിറ്റിയംഗവുമായ ആകാഷിനോട് സംഭവത്തെക്കുറിച്ചു പറഞ്ഞു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. സത്യത്തില്‍, ആകാഷിന്റെ ഭാര്യ അനു ഇപ്പോള്‍ കഴിയുന്നത് കിഷന്‍ജിക്കൊപ്പമാണ്. ”

“ആദ്യത്ത മാനഭംഗത്തിന് ശേഷം, നിരവധി നേതാക്കളും എന്നെ മാനഭംഗപ്പെടുത്തി. മാവോയിസ്റ്റ് ക്യാമ്പിലെ മിക്ക പെണ്‍കുട്ടികളെയും നേതാക്കന്മാര്‍ ലൈംഗികമായി ദുരുപയോഗിക്കുന്നുണ്ട്. ആരെങ്കിലും ഗര്‍ഭം ധരിച്ചാല്‍ അതു നശിപ്പിക്കുകയേ നിവൃത്തിയുള്ളു. കുഞ്ഞിനെ പ്രവസവിക്കുന്നതും വളര്‍ത്തുന്നതുമൊക്കെ വിപ്ളവ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുമെന്നാണ് നേതാക്കള്‍ പറയുന്നത്. കിഷന്‍ജിയുടെ വിശ്വസ്തനായ ആകാഷ് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നതു പതിവാണ്. ആര്‍ക്കും എതിര്‍ക്കാനാവില്ല.”

പാര്‍ട്ടി നേതാക്കളുടെ മാനഭംഗ ചെയ്തികള്‍ വെളിപ്പെടുത്തിക്കൊണ്ട് പാര്‍ട്ടിവിട്ട ശോഭ പോലീസിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള മാവോയിസ്റ്റാണ്. പശ്ചിമബംഗാളിലെ സില്‍ദയില്‍ 24 പട്ടാളക്കാരെ കൊലപ്പെടുത്തിയതും ജാര്‍ഖണ്ഡ് എംപി സുനില്‍ മഹാതോയെ കൊലപ്പെടുത്തിയതും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇവര്‍. പൊലീസിന് കീഴടങ്ങാനാണ് ശോഭയുടെ തീരുമാനം. ശോഭയെ ചോദ്യം ചെയ്താല്‍ മാവോയിസ്റ്റ് ക്യാമ്പുകളില്‍ നടക്കുന്ന ക്രൂരതയുടെ സത്യമറിയാം എന്ന് കരുതുന്നവരുണ്ട്.

എന്നാല്‍, അനീതിക്കും അക്രമത്തിനുമെതിരെ പോരാടുന്ന മാവോയിസ്റ്റ് സംഘടനയെ താറടിക്കാനായി തല്‍‌പരകക്ഷികള്‍ ഇറക്കിയിരിക്കുന്ന ട്രോജന്‍ കുതിരയാണ് ശോഭയെന്ന് മാവോയിസ്റ്റ് നേതാക്കള്‍ ആരോപിക്കുന്നു. അമേരിക്കന്‍ ഭരണകൂട ഭീകരതയ്ക്കെതിരെ പോരാടുന്ന വിക്കിലീക്ക്‌സ് വെബ്‌സൈറ്റിന്റെ ഉടമയ്ക്കെതിരെ ലൈംഗികാരോപണം ഉണ്ടാക്കിയത് പോലെയാണ് ശോഭയുടെ ലൈംഗികാരോപണമെന്നും മാവോയിസ്റ്റുകള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :