നെഹ്രുവിന് വിമര്‍ശനം: തരൂര്‍ വീണ്ടും വിവാദത്തില്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 10 ജനുവരി 2010 (10:36 IST)
PRO
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിനെതിരെ വിവാദ പരാമര്‍ശം നടത്തിയ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ വീണ്ടും വിവാദ കുരുക്കില്‍. നെഹ്രുവിന്റെ വിദേശനയം ധാര്‍മിക വാചകക്കസര്‍ത്തായിരുന്നു എന്ന ബ്രിട്ടീഷ് എം പി ബിഖു പരേഖിന്‍റെ അഭിപ്രായത്തോട് തനിക്കും യോജിപ്പാണെന്ന് പറഞ്ഞതാണ് തരൂരിനെ വീണ്ടും വിവാദ നയകനാക്കിയത്.

ബിക്കു പരേഖ് ഡല്‍ഹിയില്‍ നടത്തിയ പ്രഭാഷണ പരിപാടിയിലാണ് തരൂരിന്റെ വിവാദ പരാമര്‍ശമുണ്ടായത്. മഹാത്മാഗാന്ധിയുടെയും നെഹ്രുവിന്റെയും നയങ്ങള്‍ ഇന്ത്യയ്ക്ക് ധാര്‍മിക അഹംബോധത്തിന്‍റേതായ ഒരു പരിവേഷമാണ് നല്‍കിയതെന്ന് പരേഖ് പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു. ഇതിനെ അനുകുലിച്ചായിരുന്നു തരൂരിന്റെ അഭിപ്രായ പ്രകടനം.

നെഹ്രുവിന്റെ വിദേശനയത്തെക്കുറിച്ച് ഇത്തരം നിരീക്ഷണങ്ങള്‍ മുമ്പ് തന്റെ പുസ്തകങ്ങളില്‍ നടത്തിയിട്ടുണ്ടെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. തരൂരിന്റെ പുതിയ വിവാദപരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളെ അസ്വസ്ഥമാക്കിയിട്ടുണ്ട്. നെഹ്രുവിന്‍റെ മഹത്തായ പാരമ്പര്യം പിന്തുടരുന്നതിനു പകരം അദ്ദേഹത്തെ വിമര്‍ശിച്ച തരൂരിന്‍റെ നടപടി അത്ഭുതമുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു. എന്നാല്‍ തരൂരിന്‍റേ പരാമര്‍ശങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

എന്നാല്‍ പാര്‍ട്ടിതലത്തിലല്ല, വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയുടെ തലത്തിലാവും ഈ പ്രശ്‌നം കൈകാര്യം ചെയ്യുകയെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. യു.പി.എ. സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നയത്തെയും വിസാ ചട്ടങ്ങളെയും വിമര്‍ശിച്ചുകൊണ്ട് മുമ്പ് തരൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദം സൃഷ്ടിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :