നീരയുടെ സംഭാഷണങ്ങള്‍: കേന്ദ്രം അന്വേഷിക്കും

ന്യൂഡല്‍ഹി| WEBDUNIA|
പബ്ലിക്‌ റിലേഷന്‍സ്‌ ഇടനിലക്കാരി നീരാ റാഡിയയുടെ സംഭാഷണങ്ങള്‍ മാധ്യമങ്ങള്‍ക്ക് എങ്ങനെ ചോര്‍ന്നുകിട്ടി എന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ടേപ്പുകള്‍ പരസ്യമായതിനെതിരെ ടാറ്റ ഗ്രൂപ്പ്‌ ചെയര്‍മാന്‍ രത്തന്‍ ടാറ്റ സുപ്രീം കോടതിയെ സമീപിച്ചതിനു തൊട്ടുപിന്നാലെയാണ് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

രഹസ്യാന്വേഷണ ബ്യൂറോയും പ്രത്യക്ഷ നികുതി ബോര്‍ഡുമാണ്‌ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുക. സ്പെക്ട്രം ഇടപാടിനെക്കുറിച്ച് നടത്തിയ സംഭാഷണങ്ങള്‍ കേന്ദ്രം ചോര്‍ത്തിയെടുത്തത് എങ്ങനെ മാധ്യമങ്ങള്‍ക്കു ലഭിച്ചു എന്നതാണ് പ്രധാനമായും അന്വേഷിക്കുക. വ്യവസായികളായ രത്തന്‍ ടാറ്റ, മുകേഷ് അംബാനി, മുന്‍ ടെലികോം മന്ത്രി എ രാജ, മാധ്യമ പ്രവര്‍ത്തകരായ വീര്‍ സാംഗ്‌വി, ബര്‍ഖ ദത്ത് തുടങ്ങിയവരുമായി നീര നടത്തിയ സംഭാഷണങ്ങളാണ് ചോര്‍ത്തിയത്.

ടേപ്പിലെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നത്‌ തനിക്ക്‌ വ്യക്തിപരമായ നഷ്ടമുണ്ടാക്കിയെന്നാണ് രത്തന്‍ ടാറ്റ സുപ്രീം കോടതിയില്‍ ഹര്‍ജിയിലൂടെ ബോധിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിനെ എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

തന്‍റെ പി ആര്‍ കണ്‍സള്‍ട്ടന്‍റുമായി നടത്തിയ സംഭാഷണം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയതിലൂടെ തന്‍റെ സ്വകാര്യതയില്‍ കടന്നു കയറ്റം നടത്തിയിരിക്കുന്നു എന്നാണ് രത്തന്‍ ടാറ്റ വാദിക്കുന്നത്. സ്വകാര്യ സംഭാഷണങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെതിരെ ബര്‍ഖാ ദത്തും വീര്‍ സാംഗ്‌വിയും രംഗത്തെത്തിയിരുന്നു. വീര്‍ സാംഗ്‌വി തന്‍റെ കോളമെഴുത്ത് അവസാനിപ്പിക്കുകപോലും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :