നിരാഹാരം പത്താം ദിവസം, ഹസാരെ പിന്‍‌വാങ്ങില്ല

ന്യൂഡല്‍ഹി| WEBDUNIA|
PTI
ജനലോക്പാല്‍ ബില്‍ പാസാക്കണമെന്ന ആവശ്യവുമായി അണ്ണാ ഹസാരെ നടത്തുന്ന നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. ഇതിനിടെ, വ്യാഴാഴ്ച പുലര്‍ച്ചെ ഹസാരെ അറസ്റ്റ് ചെയ്ത് നീക്കുമെന്ന സൂചന ലഭിച്ചത് രാം‌ലീലയില്‍ നാടകീയ രംഗങ്ങള്‍ക്ക് കാരണമായി.

ജനലോക്പാല്‍ ബില്ല് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഹസാരെയെ ബലമായി രാം‌ലീലയില്‍ നിന്ന് ഒഴിപ്പിച്ചേക്കുമെന്ന അഭ്യൂഹം അണികള്‍ക്കിടയില്‍ ആശങ്കപരത്തി. അണ്ണാ ഹസാരെയെ വെളുപ്പിന് മൂന്നിനും നാലിനും ഇടയില്‍ അറസ്റ്റ് ചെയ്ത് നീക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ അരവിന്ദ് കെജ്‌രിവാള്‍ അനുയായികള്‍ ജാഗരൂകരായി നിലകൊള്ളണമെന്ന ആഹ്വാനവും നല്‍കി.

ഇതെ തുടര്‍ന്ന് അണ്ണാ ഹസാരെ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തന്നെ ബലം‌പ്രയോഗിച്ച് അറസ്റ്റ് ചെയ്താലും ആരും അഹിംസാ വഴിയില്‍ നിന്ന് വ്യതിചലിക്കരുത് എന്ന് ഹസാരെ ആവശ്യപ്പെട്ടു. തന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നും തന്നെ ബലമായി നീക്കം ചെയ്താല്‍ അനുയായികള്‍ പാര്‍ലമെന്റിനു മുന്നിലും എം‌പിമാരുടെ വസതിക്ക് മുന്നിലും ധര്‍ണകള്‍ നടത്തണമെന്നും ജയില്‍ നിറയ്ക്കല്‍ സമരം നടത്തണമെന്നും അണ്ണാ ഹസാരെ ആഹ്വാനം ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :