ഗാസിയബാദ്|
PRATHAPA CHANDRAN|
Last Modified വ്യാഴം, 12 ഫെബ്രുവരി 2009 (17:10 IST)
നിതാരി കൂട്ടക്കൊല കേസിലെ പ്രതികളായ മൊനീന്ദര്‍ സിംഗ് പാന്തര്‍, സുനില്‍ കോഹ്ലി എന്നിവര്‍ വീട്ടു വേലക്കാരിയായ റിമ്പ ഹല്ദാറെ (17) ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ കുറ്റക്കാരെന്ന് സംശയാതീതമായി തെളിഞ്ഞതായി പ്രത്യേക കോടതി വ്യാഴാഴ്ച പറഞ്ഞു.
പത്തൊമ്പത് പേരെ കൂട്ടക്കൊല ചെയ്ത കേസില്‍ നടത്തിയ ആദ്യ വിധിയായിരുന്നു ഇത്. ശിക്ഷ നാളെ പ്രഖ്യാപിക്കും.
പ്രതികള്‍ കുറ്റം ചെയ്തതിനു പുറമെ അത് മറച്ച് വയ്ക്കാന്‍ ശ്രമിച്ചതും ഇവരുടെ പേരിലുള്ള കുറ്റകൃത്യമായി കോടതി നിരീക്ഷിച്ചു. യുപിയിലെ നോയ്ഡയ്ക്ക് അടുത്തുള്ള നിതാരിയില്‍ നിന്ന് കാണാതായ 19 പെണ്‍കുട്ടികളുടെയും യുവതികളുടെയും കൂട്ടത്തില്‍ റിമ്പ ഹല്‍ദാറും ഉള്‍പ്പെടുന്നു. ഇവരുടെ ശരീരഭാഗങ്ങള്‍ പിന്നീട് ഡല്‍ഹിയിലെ ഒരു ഓടയില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.
കേസില്‍ 2007 മെയ്യിലാണ് സി ബി ഐ പ്രത്യേക ഗാസിയാബാദ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2006 ഡിസംബര്‍ മുതല്‍ മൊനിന്ദര് സിംഗ് പാന്തറുമായും കൂട്ടക്കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 19 കേസുകളാണ് സി ബി ഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് വിവിധ കേസുകളില്‍ പാന്തറിനും കോഹ്ലിക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ഔദ്യോഗിക പദവിയുടെ ദുരുപയോഗമാണ് സിമ്രന്‍ജിത്ത് കൌറിനെതിരെയുള്ള കുറ്റം. മൊനീന്ദറിനെയും കൂട്ടാളിയെയും രക്ഷിക്കാന്‍ ഇവര്‍ ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിച്ചതായി സി ബി ഐ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
താന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും യുവതികളെയും ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി കോഹ്ലി നേരത്തെ കോടതി മുമ്പാകെ സമ്മതിച്ചിരുന്നു. ലൈംഗിക ആവശ്യത്തിനായാണ് താന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നും മൃതദേഹങ്ങളുമായി പോലും താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെന്നും ഇയാള്‍ നാര്‍കൊ അനാലിസിസ് പരിശോധനയില്‍ സമ്മതിച്ചിരുന്നു.