നായിഡു തല്ലിയെന്ന് ചാനല്‍, ഇല്ലെന്ന് ആദിവാസി സ്ത്രീ

ഹൈദ്രാബാദ്‌| WEBDUNIA|
തെലുങ്കു ദേശം പാര്‍ട്ടിയുടെ നേതാവും മുന്‍ ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെതിരെ ഗുരുതരമായ ആരോപണം. ചന്ദ്രബാബു നായിഡു ഒരു ആദിവാസി സ്ത്രീയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ്‌ എംപി വൈ എസ്‌ ജഗന്‍മോഹന്‍ റെഡ്‌ഡിയുടെ ഉടമസ്ഥതയിലുള്ള സാക്ഷി ചാനല്‍ റിപ്പോര്‍ട്ടുചെയ്തു. നായിഡു സ്ത്രീയെ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ സാക്ഷി ചാനല്‍ തുടര്‍ച്ചയായി സം‌പ്രേക്ഷണം ചെയ്യുകയും ചെയ്തു.

എന്നാല്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ നേതാക്കള്‍ ഈ ആരോപണം നിഷേധിച്ചു. ജഗന്‍‌മോഹന്‍ റെഡ്ഡിയുടെ ചാനല്‍ നുണ പ്രചരിപ്പിക്കുകയാണെന്നാണ് ടി ഡി പിയുടെ വാദം.

കിഴക്ക്‌ ഗോദാവരി ജില്ലയിലെ വന്‍റാടാ ഗ്രാമത്തിലാണ്‌ ആരോപണത്തിന് അടിസ്ഥാനമായ സംഭവം നടന്നത്. വന്‍റാടായിലെ ലാറ്ററൈറ്റ് ഖനികള്‍ സന്ദര്‍ശിച്ചശേഷം ജനങ്ങളുമായി സംവദിക്കുകയായിരുന്നു നായിഡു. ഖനികള്‍ക്കെതിരെ രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കരുതെന്നും ഖനികള്‍ രാഷ്ട്രീയക്കാര്‍ തുടര്‍ച്ചയായി സന്ദര്‍ശിക്കരുതെന്നും ഒരു സ്ത്രീ എഴുന്നേറ്റുനിന്നു പറഞ്ഞു. ആ സ്ത്രീയുടെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയും കൈയില്‍ അടിക്കുകയും ബലമായി പിടിച്ചിരുത്തുകയും ചെയ്യുന്ന രംഗങ്ങളാണ് ചാനല്‍ സം‌പ്രേക്ഷണം ചെയ്തത്.

“ഇത് അപമാനകരമായ സംഭവമാണ്. ഒമ്പതുവര്‍ഷം മുഖ്യമന്ത്രിയും ആറുവര്‍ഷത്തിലേറെയായി പ്രതിപക്ഷനേതാവുമായ ഒരാള്‍ ഒരു ആദിവാസി സ്ത്രീയെ അടിക്കാനായി കൈയുയര്‍ത്തുന്നത് അങ്ങേയറ്റത്തെ തെറ്റാണ്” - സംസ്ഥാന ആദിവാസി ക്ഷേമമന്ത്രി പി ബാലരാജു പറഞ്ഞു.

നായിഡുവിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്തെത്തിക്കഴിഞ്ഞു. പ്രതിപക്ഷനേതാവ് സ്ഥാനം നായിഡു രാജിവയ്ക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ആദിവാസി സംഘടനകളും നായിഡുവിനെതിരെ പ്രക്ഷോഭത്തിലാണ്.

എന്നാല്‍ ചന്ദ്രബാബു നായിഡു തന്നെ മര്‍ദ്ദിച്ചിട്ടില്ലെന്ന് ആദിവാസി സ്ത്രീ വൈകുന്നേരം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇതോടെ ആന്ധ്രയിലെ ഈ രാഷ്ട്രീയനാടകം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :