നവരാത്രി മാതൃപൂജയ്‌ക്ക്‌

തിരുവനന്തപുരം‍| WEBDUNIA|
PRO
ആദി പരാശക്തിയായ ദേവി പ്രപഞ്ചത്തിന്‍റെ മാതൃഭാവം തന്നെയാണ്‌. പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന സ്‌ത്രൈണ ശക്തിയുടെ മൂര്‍ത്തിമത്ഭാവമായാണ് ദേവിയെ പൂജിക്കുന്നത്‌.

സ്‌ത്രീക്ക്‌ ജീവിതകാലത്ത്‌ നിരവധി ഭാവങ്ങളുണ്ടെങ്കിലും എല്ലാത്തിലും മഹത്തരമായി കരുതുന്നത്‌ മാതൃഭാവം തന്നെയാണ്‌. മാതൃരൂപത്തിലുള്ള ദേവിയെ പൂജിക്കുന്നതും മാതൃഭാവത്തില്‍ സ്‌ത്രീയെ പൂജിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് നവരാത്രികാലത്തെ പുണ്യകര്‍മ്മമാണ്‌.

ആദിപരാശക്തിയായാണ്‌ ദേവിയെ ഭാരതീയര്‍ കരുതുന്നത്‌. അമ്മയെ തന്നെയാണ്‌ ദേവിയായി ഭാരതീയര്‍ ആരാധിക്കുന്നതും. അതിനാല്‍ നവരാത്രി ദിനങ്ങള്‍ മാതൃപൂജക്കും ഉപകാരപ്രദമാണ്‌.

സരസ്വതിയും ലക്ഷ്മിയും ദുര്‍ഗ്ഗയും എല്ലാം ദേവിയുടെ പലഭാവങ്ങളാണ്‌. ഒരേ ചൈതന്യത്തിന്‍റെ വ്യത്യസ്തഭാവങ്ങളാണ്‌ ഇവയെല്ലാം. അതിനാല്‍ ഏത്‌ രീതിയില്‍ പൂജിച്ചാലും പൂര്‍ണ്ണഫലം ലഭിക്കും.

എന്നാല്‍ വ്യത്യസ്തമായ ലക്‍ഷ്യങ്ങള്‍ മനസില്‍ ഉള്ള വ്യക്തികള്‍ക്ക്‌ ഒരോ ഫലത്തിലും ഓരോ ചൈതന്യരൂപങ്ങളെ പ്രത്യേകം പ്രാര്‍ത്ഥിച്ച്‌ പ്രസാദിപ്പിക്കുന്നത്‌ നല്ലതാണ്‌. വിദ്യാവിജയത്തിന്‌ സരസ്വതി. ദു:ഖമകറ്റാന്‍ ദുര്‍ഗ്ഗ, ശത്രുദോഷത്തിന്‌ മഹാകാളി, ധനലബ്ദിക്ക്‌ ലക്ഷ്മിദേവി എന്നിങ്ങനെ ഓരോ ലക്‍ഷ്യത്തിനും ഓരോ മാര്‍ഗ്ഗങ്ങളാണ്‌ ഉള്ളത്‌.

ഐശ്വര്യവും സമൃദ്ധിയും നല്‍കുന്ന നവരാത്രിദിനങ്ങള്‍ ഭക്തിയോടെ വേണം ആചരിക്കേണ്ടത്‌. ദേവിയെ പ്രീതിപ്പെടുത്തുക എന്നതാണ്‌ ഈ ദിനങ്ങളില്‍ പ്രധാനം. ദേവിയുടെ വ്യത്യസ്ഥമായ രൂപഭാവങ്ങളാണ്‌ ഒമ്പത്‌ ദിവസങ്ങളിലും പൂജിക്കുന്നത്‌. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമാണ്‌ ദേവി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :