നക്സലുകള്‍ക്കെതിരെ കൂടുതല്‍ ഹെലികോപ്ടറുകള്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 14 ജൂലൈ 2010 (12:35 IST)
PTI
നക്സല്‍ ബാധിത സംസ്ഥാനങ്ങള്‍ക്ക് വിമതര്‍ക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതല്‍ ഹെലികോപ്ടറുകള്‍ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം. നക്സല്‍ ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ആറ് മാസം കേന്ദ്ര അര്‍ദ്ധ-സൈനിക വിഭാഗവും സംസ്ഥാന പൊലീസും ചേര്‍ന്ന് നടത്തിയ നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മിശ്ര ഫലമാണ് ഉണ്ടായതെന്ന് ചിദംബരം പറഞ്ഞു. നക്സല്‍ ബാധിത സംസ്ഥാനങ്ങളിലെ 400 പൊലീസ് സ്റ്റേഷനുകളിലെ സൌകര്യം വര്‍ദ്ധിപ്പിക്കാനും പ്രതിരോധം ശക്തിപ്പെടുത്താനുമായി ഓരോ പൊലീസ് സ്റ്റേഷനും രണ്ട് കോടി രൂപ വീതം അനുവദിക്കും.

നക്സല്‍ ബാധിത സംസ്ഥാനങ്ങളില്‍ കൂടുതല്‍ സ്പെഷല്‍ പൊലീസ് ഓഫീസര്‍മാരെ നിയോഗിക്കും. ഒറീസ, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഒരു ഏകീകൃത കമാന്‍ഡ് രൂപീകരിക്കണം എന്ന് ചിദംബരം ആവശ്യപ്പെട്ടു. വിരമിച്ച മേജര്‍ ജനറലിനെ കമാന്‍ഡില്‍ അംഗമാക്കണമെന്നും നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തലവന്‍‌മാരായി സംസ്ഥാന പൊലീസ് ഐജിയെയും സിആര്‍പി‌എസ് ഐജിയെയും നിയമിക്കണമെന്നും ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു.

വിവിധ വികസന പദ്ധതികള്‍ നടപ്പിലാക്കാനായി ആസൂത്രണ കമ്മീഷന്‍ മെംബര്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഉന്നതാധികാര സമിതി രൂപീകരിക്കാനും വിമര്‍ത ശല്യം രൂക്ഷമായ 34 ജില്ലകളില്‍ റോഡുകള്‍ നിര്‍മ്മിച്ച് ഗതാഗതം സുഗമമാക്കാനുമുള്ള പദ്ധതി നടപ്പാക്കുമെന്ന് ചിദംബരം പറഞ്ഞു. ഇതിനായി 950 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളിലെ തെറ്റും ശരിയും വേര്‍തിരിക്കാനും തുറന്ന ചര്‍ച്ച നടത്താനും സംസ്ഥാന തലവന്‍‌മാരോട് ആഭ്യന്തര മന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രിയാണ് നക്സല്‍ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു ദിവസം നീളുന്ന ചര്‍ച്ച വിളിച്ചു കൂട്ടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :