ധീരതയുടെ തിളക്കവുമായി രുക്സാന

ന്യൂഡല്‍ഹി| WEBDUNIA|
കേന്ദ്ര ശിശുക്ഷേമ സമിതിയുടെ ധീരതയ്ക്കുള്ള അവാര്‍ഡ് പട്ടികയില്‍ ജമ്മു കശ്മീരില്‍ നിന്നുള്ള രുക്സാനയും ഇടം തേടി. രജൌരിയിലെ സ്വന്തം വീട്ടില്‍ അതിക്രമിച്ചു കയറിയ ഭീകരരെ വെടിവച്ചു തുരത്തിയ രുക്സാനയുടെ കഴിഞ്ഞ വര്‍ഷം മാധ്യമങ്ങള്‍ വളരെയധികം ചര്‍ച്ച ചെയ്തിരുന്നു. മൊത്തം 21 പേര്‍ക്കാണ് ഈ വര്‍ഷത്തെ അവാര്‍ഡ് നല്‍കുന്നത്. ഇതില്‍ എട്ട് പേര്‍ പെണ്‍കുട്ടികളാണ്.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഇരുപതുകാരിയായ ഭീകരരെ സുധീരമായി നേരിട്ടത്. രാത്രി സമയത്ത് ഭീകരര്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറിയപ്പോള്‍ രുക്സാനയെയും സഹോദരനെയും മാതാപിതാക്കള്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ചു. ഭീകരര്‍ മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട് സഹിക്കാനാവാതെ സഹോദരന്‍ കട്ടിലനടിയില്‍ നിന്ന് പുറത്ത് വന്ന് ഒരു ഭീകരനെ മഴു ഉപയോഗിച്ച് വെട്ടി പരുക്കേല്‍പ്പിച്ചു.

മാതാപിതാക്കളെ വിട്ട് ഭീകരര്‍ സഹോദരനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട് രുക്സാനയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഒളിപ്പിച്ചയിടത്തു നിന്ന് പുറത്തുവന്ന രുക്സാന ഒരു ഭീകരന്റെ യന്ത്രത്തോക്ക് പിടിച്ചുവാങ്ങി അവര്‍ക്ക് നേരെ നിറയൊഴിച്ചു. ഒരു ഭീകരന്‍ മരിച്ചു വീഴുകയും മറ്റുള്ളവര്‍ രക്ഷപെടുകയും ചെയ്തു.

രാജ്യമൊട്ടാകെയുള്ള പെണ്‍‌കുട്ടികളുടെ മാതൃകയായി മാറിയ രുക്സാനയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുകയും ജമ്മു കശ്മീര്‍ പൊലീസില്‍ സ്ഥാനം നല്‍കാമെന്ന വാഗ്ദാനം നല്‍കുകയും ചെയ്തു.

മണിപ്പൂരില്‍ നിന്നുള്ള തോയ് തോയ് എന്ന ആറുവയസ്സുകാരിയാണ് ഇത്തവണ ധീരതയ്ക്കുള്ള അവാര്‍ഡ് വാങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി. ഇംഫാലില്‍ തന്റെ മാതാവിന്റെ കടയിലേക്ക് എറിഞ്ഞ ഒരു ഗ്രനേഡ് എടുത്തു മാറ്റി വന്‍‌സ്ഫോടനം ഒഴിവാക്കിയതാണ് പത്ത് വയസ്സുകാരിയായ പ്രീതി ദേവിയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ഇപ്പോഴും കാലില്‍ ഗ്രനേഡിന്റെ ചീളുമായി ജീവിക്കുന്ന ഈ കൊച്ചു ധീരയ്ക്ക് അവാര്‍ഡ് തുക ഉപയോഗിച്ചു വേണം ശസ്ത്രക്രിയയിലൂടെ അതെടുത്തുമാറ്റാന്‍!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :