ദുബായ്:4000 ഇന്ത്യക്കാര്‍ ജയിലില്‍

ദുബായ്| WEBDUNIA|
ദുബായിയില്‍ സമരം നടത്തിയ 4000 ഇന്ത്യന്‍ തൊഴിലാളികളെ ദുബായ് സര്‍ക്കാര്‍ ജയിലില്‍ അടച്ചു. ജെബല്‍ അലി വ്യവസായ മേഖലയില്‍ മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ടിട്ടാണ് ഇവര്‍ സമരം നടത്തിയത്. അറസ്റ്റിലായവരില്‍ പാകിസ്ഥാന്‍ പൌരന്‍‌മാരുമുണ്ട്.

എന്നാല്‍, സമരം നടത്തിയ ഇന്ത്യക്കാരെ ആരെയും നാടു കടത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധി അറിയിച്ചു. ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സ്ഥിതി മനസ്സിലാക്കുവാന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

തിരികേ ജോലിയില്‍ പ്രവേശിക്കുന്നതിന് അധികം വൈകാതെ ഇവരെ മോചിപ്പിക്കുമെന്നാണ് സൂചന. എന്നാല്‍, വീണ്ടും ഇവര്‍ സമരം ചെയ്യില്ലെന്ന കാര്യത്തില്‍ ഉറപ്പു തരണമെന്ന് ദുബായ് അധികൃതര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജയിലില്‍ കഴിയുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും രാജസ്ഥാന്‍,പഞ്ചാബ്,ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.മോശമായ തൊഴില്‍സാഹചര്യങ്ങള്‍, കുറഞ്ഞ വേതനം എന്നിവമൂലമാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :