തോമറിനെ എഎപിയില്‍ നിന്ന് പുറത്താക്കിയേക്കും

ന്യൂഡല്‍ഹി| JOYS JOY| Last Modified വെള്ളി, 12 ജൂണ്‍ 2015 (13:07 IST)
വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഉള്‍പ്പെട്ട ആം ആദ്‌മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ നിയമമന്ത്രിയുമായ ജിതേന്ദര്‍ സിംഗ് തോമറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആരോപണം ഉയര്‍ന്ന ആദ്യഘട്ടങ്ങളില്‍ തോമറിനെ അനുകൂലിച്ച് ആം ആദ്‌മി പാര്‍ട്ടി രംഗത്തു വന്നിരുന്നു. എന്നാല്‍, തോമറിന്റെ രാജിക്കു ശേഷം കേസില്‍ ഉണ്ടാകുന്ന ഓരോ വഴിത്തിരിവുകളില്‍ മുമ്പു നല്കിയ പിന്തുണ എ എ പി തോമറിന് ഇപ്പോള്‍ നല്കുന്നില്ല.

ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കാതെ തോമര്‍ മന്ത്രിസ്ഥാനം രാജി വെച്ചിരുന്നു. കോടതിയില്‍ തോമര്‍ ജാമ്യാപേക്ഷ നല്കിയിരുന്നെങ്കിലും കഴിഞ്ഞദിവസം ജാമ്യം നല്കിയിരുന്നില്ല. ഇതിനിടെ, തെളിവെടുപ്പിനായി തോമറിനെ അദ്ദേഹം ബിരുദം സമ്പാദിച്ച സ്ഥാപനങ്ങളില്‍ എത്തിക്കും.

തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം കൃത്യമാണെന്ന് അരവിന്ദ് കെജ്‌രിവാളിനെ ബോധിപ്പിച്ചായിരുന്നു തോമര്‍ എ എ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതും വിജയിച്ചപ്പോള്‍ മന്ത്രിയായതും. ഇത്രയും നാള്‍ തോമറിന് എതിരെ ഉണ്ടായിരുന്ന ആരോപണങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍, അന്വേഷണം നീളും തോറും തോമറിനെതിരെയുള്ള ആരോപണങ്ങള്‍ ശക്തി പ്രാപിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തോമറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ എ എ പിയുടെ ഉന്നതതലവൃത്തങ്ങള്‍ ആലോചിക്കുന്നത്.

ഇത്തരത്തിലുള്ള വഞ്ചനകള്‍ പാര്‍ട്ടി ഒരിക്കലും വെച്ചു പൊറുപ്പിക്കില്ലെന്ന് മറ്റ് അംഗങ്ങളെ കൂടെ ബോധ്യപ്പെടുത്താന്‍ തോമറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടത് ആവശ്യമാണെന്നാണ് ഒരു വിഭാഗം എ എ പി നേതാക്കള്‍ ആവശ്യപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :