തെലങ്കാന: സര്‍വ്വകക്ഷി യോഗം തുടങ്ങി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 5 ജനുവരി 2010 (11:02 IST)
പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗം ഡല്‍ഹിയില്‍ തുടങ്ങി. കോണ്‍ഗ്രസ്, ടിഡിപി, ടി‌ആര്‍‌എസ്, ബിജെപി, സിപിഐ, സിപിഐ(എം), പി‌ആര്‍‌പി, എം‌ഐ‌എം എന്നീ‍ പാര്‍ട്ടികളിലെ രണ്ട് പ്രതിനിധികള്‍ വീതമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്‍റെ അധ്യക്ഷതയിലാണ് യോഗം.

പ്രശ്നം പരിഹരിക്കാന്‍ സമിതി രൂപീകരിക്കാമെന്ന നിര്‍ദ്ദേശമാകും ആഭ്യന്തര മന്ത്രി പി ചിദംബരം മുന്നോട്ട് വയ്ക്കുക. എന്നാല്‍, ഇതിന് ടി ആര്‍ എസ് വഴങ്ങുമോ എന്ന് പറയാനാവില്ല. ഒരു യോഗം കൊണ്ട് പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ടി ആര്‍ എസും ബിജെപിയും ഒഴികെയുള്ള കക്ഷികള്‍ ആന്ധ്രപ്രദേശ് വിഭജിച്ച് പ്രത്യേക സംസ്ഥാനം രൂപീകരിക്കുന്നതിന് എതിരാണ്.

പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രശേഖര റാവു നിരാഹാര സമരം നടത്തിയതിനെ തുടര്‍ന്ന് കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാന വിഭജനത്തെ എതിര്‍ത്തതോടെ കേന്ദ്രം നിലപാട് മാറ്റി. സമവായത്തിന് ശേഷം തീരുമാനം എന്നാണ് ചിദംബരം പിന്നീട് അറിയിച്ചത്. കേന്ദ്രനയത്തില്‍ പ്രതിഷേധിച്ച് ആന്ധ്രയില്‍ അക്രമങ്ങള്‍ തുടരുകയാണ്.

സംസ്ഥാന മന്ത്രിസഭയിലെ തെലങ്കാന മേഖലയില്‍ നിന്നുള്ള 13 കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചതോടെയാണ് കേന്ദ്രം കൂടുതല്‍ പ്രതിസന്ധിയിലായത്. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചതിനെ തുടര്‍ന്ന് മന്ത്രിമാര്‍ രാജി പിന്‍‌വലിക്കുകയായിരുന്നു. തിങ്കളാഴ്ച ആന്ധ്ര മുഖ്യമന്ത്രി കെ റോസയ്യ, ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹന്‍ എന്നിവര്‍ ചിദംബരവുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :